സഞ്ജുവൊന്നും വേണ്ട, ലോക കപ്പില്‍ ഇന്ത്യ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ആക്കേണ്ടത് ആരെയെന്ന് പറഞ്ഞ് സെവാഗ്

ഈ വര്‍ഷം വരാനിരിക്കുന്ന ടി20 ലോക കപ്പില്‍ ഇന്ത്യ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലുള്‍പ്പെടുത്തേണ്ടത് ആരെ എന്ന് നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, വൃദ്ധിമാന്‍ സാഹ എന്നിവര്‍ അവസരം കാത്ത് നില്‍ക്കുമ്പോള്‍ ചിത്രത്തിലേയില്ലാത്ത മറ്റൊരു താരത്തെയാണ് സെവാഗ് ഈ സ്ഥാനത്തേക്ക് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

‘ഒരു സംശയവും വേണ്ട. ജിതേഷ് ശര്‍മയായിരിക്കണം ടി20 ലോക കപ്പിലെ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷന്‍, വൃദ്ധിമാന്‍ സാഹ തുടങ്ങി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ നിരവധിയുണ്ട്. എന്നാല്‍ ഇവരേക്കാള്‍ കൂടുതല്‍ ജിതേഷ് ശര്‍മയാണ് സ്ഥാനം അര്‍ഹിക്കുന്നത്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്നവനാണവന്‍.’

‘തന്റെ കരുത്ത് എവിടെയെന്ന് അവനറിയാം. ഏതൊക്കെ ഷോട്ടാണ് തനിക്ക് നന്നായി കളിക്കാന്‍ സാധിക്കുകയെന്ന തിരിച്ചറിവ് അവനുണ്ട്. ചഹലിനെതിരേ അവന്‍ നേടിയ സിക്സ് ഷെയ്ന്‍ വോണിനെതിരേ വിവിഎസ് ലക്ഷ്മണ്‍ മിഡ് വിക്കറ്റിലൂടെ നേടിയ സിക്സിനെയാണ് ഓര്‍മിപ്പിച്ചത്. മനോഹരമായ ബാറ്റിങ് പ്രകടനമായിരുന്നു ഇത്.’

‘എന്നെ അത്ഭുതപ്പെടുത്തുകയാണവന്‍. തീരുമാനമെടുക്കാന്‍ എനിക്കായിരുന്നു ചുമതലയെങ്കില്‍ തീര്‍ച്ചയായും ബാക്കപ്പ് കീപ്പറായി ജിതേഷിനെ പരിഗണിക്കുമായിരുന്നു’ സെവാഗ് ക്രിക്ക്ബസ്സിനോട് പറഞ്ഞു.

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിവരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ സഞ്ജു സാംസണ്‍, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ പേരു പോലും പറയാന്‍ സെവാഗ് തുനിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ഇരുവരും ലോക കപ്പ് ടീമില്‍ ഇടംപിടിക്കുമെന്ന ചര്‍ച്ചകല്‍ ഇതിനോടം തന്നെ സജീവമാണ്.