'പാകിസ്ഥാന്‍ ക്രിക്കറ്റിനെ ന്യൂസീലന്‍ഡ് കൊന്നുകളഞ്ഞിരിക്കുന്നു'; തുറന്നടിച്ച് അക്തര്‍

സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് മടങ്ങിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് മുന്‍ താരം ശുഐബ് അക്തര്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ ന്യൂസിലന്‍ഡ് കൊന്നുവെന്നായിരുന്നു അക്തറിന്റെ പ്രതികരണം. ന്യൂസിലന്‍ഡ് ടീം പര്യടനം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നതായി അറിയിച്ചതിനു പിന്നാലെയാണ് അക്തറിന്റെ പ്രതികരണം.

ആദ്യമത്സരത്തിന് തൊട്ടു മുമ്പാണ് ടീമിനെ പിന്‍വലിച്ചുകൊണ്ടുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍രെ അറിയിപ്പ് എത്തിയത്. കിവീസ് ടീമിന് പാകിസ്ഥാനില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് വിവരത്തെ തുടര്‍ന്നായിരുന്നു പിന്മാറ്റം. ടീം പാകിസ്ഥാനില്‍ തുടരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ന്യൂസിലന്‍ഡ് അധികൃതര്‍ അറിയിക്കുകയായിരുന്നു.

18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാന്‍ പര്യടനത്തിന് എത്തിയത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനില്‍ കളിക്കേണ്ടിയിരുന്നത്.