പാക് പര്യടനം: ആദ്യമത്സരത്തിന് തൊട്ട് മുമ്പ് ടീമിനെ തിരിച്ചു വിളിച്ച് ന്യൂസിലന്‍ഡ്

പാകിസ്ഥാനെതിരായ ഏകദിന, ടി20 മത്സരങ്ങളില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്മാറി. കിവീസ് ടീമിന് പാകിസ്ഥാനില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് വിവരത്തെ തുടര്‍ന്നാണ് പിന്മാറ്റം. ആദ്യമത്സരത്തിന് തൊട്ടു മുമ്പാണ് ടീമിനെ പിന്‍വലിച്ചുകൊണ്ടുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍രെ അറിയിപ്പ് എത്തിയത്.

ടീം പാകിസ്ഥാനില്‍ തുടരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ന്യൂസിലന്‍ഡ് അധികൃതര്‍ അറിയിച്ചു. പര്യടനം ഉപേക്ഷിക്കുകയാണെന്ന് ന്യൂസിലന്‍ഡ് അധികൃതര്‍ ഔദ്യോഗികമായി വിവരം അറിയിച്ചതായി പാക് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.

18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാന്‍ പര്യടനത്തിന് എത്തിയത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനില്‍ കളിക്കേണ്ടിയിരുന്നത്.