ന്യൂസിലന്‍ഡ് പിന്മാറിയത് വെറുതെയല്ല; ഇംഗ്ലണ്ടും പാക്കിസ്ഥാനെ തഴയാനൊരുങ്ങുന്നു

പാക്കിസ്ഥാന്‍ പര്യടനത്തിനെത്തിയശേഷം അവസാന നിമിഷം പിന്മാറിയ ന്യൂസിലന്‍ഡിന്റെ നടപടിയാണ് ഇപ്പോള്‍ ക്രിക്കറ്റ് വൃത്തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ കൃത്യവും വിശ്വസനീയവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കിവികള്‍ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് പിന്മാറിയതെന്ന് വ്യക്തമായി. പതിനെട്ട് വര്‍ഷത്തെ ഇടവേള യ്ക്കുശേഷമായിരുന്നു ബ്ലാക്ക് ക്യാപ്‌സ് പാക്കിസ്ഥാനില്‍ കളിക്കാനെത്തിയത്.

പാക്കിസ്ഥാനില്‍ താരങ്ങളുടെ സുരക്ഷ പന്തിയല്ലെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്‍കി മുന്നറിയിപ്പാണ് ന്യൂസിലന്‍ഡ് ടീമിന്റെ പിന്മാറ്റത്തിന് കാരണം. ഇക്കാര്യം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് ഡേവിഡ് വൈറ്റ് സ്ഥിരീകരിച്ചു. റാവില്‍പിണ്ടിയില്‍ മൂന്ന് ഏകദിനങ്ങളും ലാഹോറില്‍ അഞ്ച് ട്വന്റി20കളും കളിക്കാനാണ് ന്യൂസിലന്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ചത്തെ ആദ്യ മത്സരത്തിന് തൊട്ടുമുന്‍പ്, സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് ടീം പര്യടനം ഉപേക്ഷിക്കുകയായിരുന്നു.

അതിനിടെ, ഒക്ടോബറിലെ ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതു സംബന്ധിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഉടന്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.