ഇത് ഇങ്ങനെ അവസാനിക്കുമെന്ന് കരുതേണ്ട, ബി.സി.സി.ഐ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്: മുന്നറിയിപ്പുമായി പാകിസ്ഥാന്‍

2023ലെ ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകേണ്ടെന്ന നിലപാട് സംബന്ധിച്ച് യുക്തിസഹജമായ തീരുമാനമെടുക്കാന്‍ ബിസിസിഐയെ ഉപദേശിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ നജാം സേത്തി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാകപ്പിനുള്ള ആതിഥേയാവകാശം പാകിസ്ഥാന്‍ നേടിയെങ്കിലും ടൂര്‍ണമെന്റ് ഇവിടെനിന്ന് മാറ്റുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യ വിമുഖത കാണിച്ചതിനാലാണ് ഏഷ്യാ കപ്പ് വേദി മാറ്റുന്നത്.

വിഷയത്തെ കുറിച്ച് അഭിപ്രായപ്പെട്ട സേതി, തനിക്ക് ഏഷ്യാ കപ്പിനെ കുറിച്ചല്ല ആശങ്കയെന്നും ഒക്ടോബര്‍ 5 മുതല്‍ ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ഏകദിന ലോകകപ്പിനെ കുറിച്ചാണെന്നും പറഞ്ഞു. രണ്ട് ബോര്‍ഡുകളും സമവായത്തില്‍ എത്തിയില്ലെങ്കില്‍ ബഹിഷ്‌കരണ മത്സരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐ നല്ലതും യുക്തിസഹജവുമായ ഒരു തീരുമാനം എടുക്കണം. അതുവഴി ഞങ്ങള്‍ക്ക് മുന്നോട്ട് പോകുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ല. എനിക്ക് ഏഷ്യാ കപ്പിനെക്കുറിച്ച് ആശങ്കയില്ല. എന്നാല്‍ വരുന്ന ഏകദിന ലോകകപ്പ് ഞങ്ങള്‍ ബഹിഷ്‌കരിക്കുന്ന ഒരു സാഹചര്യം ഇന്ത്യ സൃഷ്ടിക്കരുത്. ഏഷ്യാ കപ്പും ലോകകപ്പും ഞങ്ങള്‍ ബഹിഷ്‌കരിക്കുമ്പോള്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും ബഹിഷ്‌കരിക്കു.ം. ഇത് വലിയ കുഴപ്പമുണ്ടാക്കും-നജാം സേത്തി പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാകിസ്ഥാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് ഒരു ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ചു. അതനുസരിച്ച് ഇന്ത്യ അവരുടെ മത്സരങ്ങള്‍ യുഎഇ യില്‍ കളിക്കുമായിരുന്നു, ബാക്കി ടീമുകള്‍ പാകിസ്ഥാനില്‍ കളിക്കുമായിരുന്നു. എന്നാല്‍, ലോജിസ്റ്റിക് പ്രശ്നങ്ങള്‍ കാരണം മോഡലിന് ബിസിബി (ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്), ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) എന്നിവയില്‍ നിന്ന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.