എന്റെ ബാറ്റ്, എന്റെ പന്ത്, എന്നാല്‍ നമുക്ക് പിന്നെ കാണാം.., ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍. ഐപിഎല്ലിനുവേണ്ടിയാണ് ഇന്ത്യ ടെസ്റ്റിനെ തള്ളിയതെന്ന് ഹാര്‍മിസണ്‍ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ നടപടി അസംബന്ധമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ അന്ത്യത്തിന്റെ ആരംഭമാണിത്. എല്ലാം ഐപിഎല്ലിനു വേണ്ടിയാണ്. എത്ര വിചാരിച്ചാലും അതിനെ എനിക്ക് ന്യായീകരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല- ഹാര്‍മിസണ്‍ പറഞ്ഞു.

വസ്തുതകള്‍ പൂര്‍ണമായും നമുക്ക് അറിയില്ല. എങ്കിലും മത്സരത്തിന് രണ്ടു മണിക്കൂറിന് മുന്‍പ് ടീം പിന്മാറിയാല്‍ അതിനു കാരണം കളിക്കാരാണ്. കുറച്ചു ദിവസങ്ങള്‍കൊണ്ടു വലിയ ധനം സമ്പാദിക്കാന്‍ അവസരമൊരുക്കുന്നതാണ് ഐപിഎല്‍. അതിനാല്‍ ആളുകള്‍ അതിനു പിന്നാലെ പോകുന്നു. അതില്‍ ധാര്‍മ്മികതയുടെ പ്രശ്‌നവും ഉദിക്കുന്നുണ്ട്.

മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ താരങ്ങള്‍ മസിലും പിടിച്ച്, കളിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ബാറ്റും പന്തും ഞാനെടുക്കുന്നു, നിങ്ങളെ പിന്നെ കാണാം കേട്ടോ…, എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും ഹാര്‍മിസണ്‍ കുറ്റപ്പെടുത്തി.