വിശപ്പ് സഹിക്കാതെ കണ്‍മുമ്പില്‍ അയാള്‍ പിടഞ്ഞ് വീണു, ലോക്ഡൗണ്‍ ഭീകരത വെളിപ്പെടുത്തി ഷമി

ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ സാധാരണ പൗരന്മാര്‍ നേരിടുന്ന ദുരിതപര്‍വ്വം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. തനിയ്ക്ക് നേരിട്ടുണ്ടായ അനുഭവം ഇന്‍സ്റ്റ ലൈവില്‍ പങ്കുവെച്ചാണ് ഷമി ആരാധകരെ ഞെട്ടിച്ചത്. സഹതാരം യുസ്‌വേന്ദ്ര ഇന്‍സ്റ്റ ലൈവിലെത്തിയതായിരുന്നു താരം.

കാല്‍ നടയായി സ്വന്തം നാട്ടിലേക്ക് എത്താന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളിയാണ് വിശന്ന് വലഞ്ഞ് തന്റെ വീടിന് സമീപം തലകറങ്ങി വീണതെന്ന് ഷമി പറയുന്നു. രാജസ്ഥാനില്‍ നിന്ന് വരികയായിരുന്നു അയാള്‍. ബിഹാറിലേക്കാണ് അയാള്‍ക്ക് പോവേണ്ടത്. ലഖ്നൗവില്‍ നിന്നും അവിടേക്ക് എത്ര ദൂരമുണ്ടെന്ന് ചിന്തിച്ചു നോക്കൂ. വിശപ്പ് സഹിക്കാനാവാതെ തലകറങ്ങി അയാള്‍ വീഴുന്നത് എന്റെ വീട്ടിലെ സിസിടിവിയില്‍ ഞാന്‍ കണ്ടു. ഇയാള്‍ക്ക് ഞാന്‍ ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കി, മുഹമ്മദ് ഷമി പറഞ്ഞു.

എന്നെക്കൊണ്ട് സാധിക്കുന്ന വിധം ഈ ഘട്ടത്തില്‍ എല്ലാവരേയും സഹായിക്കാനാണ് ശ്രമിക്കുന്നത്. ഭക്ഷണത്തിന് കഷ്ടപ്പെടുന്ന കുടിയേറ്റ തൊഴിലാളികള്‍ ഒരുപാട് ഇവിടെയുണ്ട്. ഹൈവേക്ക് അടുത്താണ് എന്റെ വീട്. എത്രമാത്രം അവര്‍ ബുദ്ധിമുട്ടുന്നു എന്ന് എനിക്ക് കാണാം. എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം അവര്‍ക്ക് വേണ്ടി ചെയ്യുമെന്നും ഷമി ഇന്‍സ്റ്റാ ലൈവില്‍ പറഞ്ഞു.

അതെസമയം കൊറോണ വൈറസ് പടരുന്നതിനിടെ ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. മെയ് മൂന്നിന് ശേഷമേ രാജ്യം കുറച്ചെങ്കിലും സാധാരണ നിലയിലാകൂ.