ധോണി, കോഹ്‌ലി, രോഹിത് തുടങ്ങിയ പ്രധാനികളുടെ ബ്ലൂ ടിക്ക് പോയി, എന്നാല്‍ മസ്കിനെതിരെ അവസാനം വരെ പിടിച്ചുനിന്ന് ഹാര്‍ദ്ദിക്ക്, സംഭവം ഇങ്ങനെ

ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നതോടെ പല പ്രമുഖര്‍ക്കും അവരുടെ വേരിഫിക്കേഷന്‍ നഷ്ടമായിരിക്കുകയാണ്. ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കം ചെയ്യപ്പെടുമെന്ന് ട്വിറ്റര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇതേ തുടര്‍ന്ന് ഇന്ത്യന്‍ കായിക ലോകത്തെ പ്രമുഖരായ എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുടെയും വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെരിഫൈഡ് ബാഡ്ജ് അപ്പോഴും നഷ്ടമായില്ല.

താരത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലൂ ഫോര്‍ ബിസിനസ്സ് വഴിയുള്ള ഔദ്യോഗിക ബിസിനസ്സ് അക്കൗണ്ടാണ് എന്നതായിരുന്നു ഇതിന് കാരണം. ഗാള്‍ഡന്‍ ചെക്ക്മാര്‍ക്കിലൂടെയാണ് ബിസിനസ് അക്കൗണ്ട് തിരിച്ചറിയുന്നത്. പക്ഷേ, മണിക്കൂറുകള്‍ക്ക് മുമ്പ് ഹാര്‍ദ്ദിക്കിന്‍റെയും വെരിഫൈഡ് ബാഡ്ജ് നഷ്ടമായി. താരത്തിന്‍റെ വെരിഫൈഡ് ബാഡ്ജും ട്വിറ്റര്‍ എടുത്ത് കളഞ്ഞിരിക്കുകയാണ്.

ഇതുവരെ സൗജന്യമായി വെരിഫിക്കേഷന്‍ ലഭിച്ച എല്ലാ അക്കൗണ്ടുകളുടെയും വെരിഫിക്കേഷന്‍ ചെക്ക് മാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ട്വിറ്റര്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ചില അക്കൗണ്ടുകളില്‍ മാത്രമാണ് അന്ന് മാറ്റം നടപ്പിലാക്കിയത്. എന്നാല്‍ ഇത്തവണ ലെഗസി ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്യാന്‍ തന്നെയാണ് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിന്റെ തീരുമാനം.