RR VS GT: ഐപിഎലിലും മെഡിക്കൽ മിറാക്കിൾ; വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി കണ്ട് വീൽ ചെയറിലാണെന്ന കാര്യം മറന്ന് രാഹുൽ ദ്രാവിഡ്

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ട് പ്രകടനവുമായി 14 കാരൻ വൈഭവ് സുര്യവൻഷി. 35 പന്തുകളിൽ നിന്നായി 5 ഫോറും 11 സിക്‌സും അടക്കം 100 റൺസാണ് താരം നേടിയത്. ഐപിഎലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും താരം സ്വന്തമാക്കി. കൂടാതെ വെടിക്കെട്ട് പ്രകടനവുമായി യശസ്‌വി ജയ്‌സ്വാൾ (70*) റൺസും നേടി. ഇതോടെ ഗുജറാത്തിനെ 8 വിക്കറ്റിന് തോൽപിക്കാൻ രാജസ്ഥാന് സാധിച്ചു.

ഗുജറാത്ത് താരം കരീം ജനറ്റിന്റെ ഓവറിൽ 30 റൺസാണ് 14 കാരൻ അടിച്ച് കേറ്റിയത്. ഐപിഎലിൽ കുറഞ്ഞ ബോളിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് വൈഭവ്. ഗുജറാത്ത് ബോളര്മാര്ക്ക് നേരെ 14 കാരന്റെ സംഹാരതാണ്ഡവം എന്നാണ് ആരാധകരുടെ വിലയിരുത്തൽ. സെഞ്ചുറി നേടിയ ശേഷം സഹ താരങ്ങളും എതിർ താരങ്ങളും വൈഭാവിനെ പ്രശംസ കൊണ്ട് മൂടിയിരുന്നു.

ആ സമയത്താണ് വീൽ ചെയറിൽ ആയിരുന്ന പരിശീലകൻ രാഹുൽ ദ്രാവിഡ് അത് മറന്ന് താരത്തിന്റെ സെഞ്ചുറി ആഘോഷിക്കാനായി എഴുന്നേറ്റത്. ആ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ബാറ്റിംഗിൽ തകർപ്പൻ പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസ് ബാറ്റ്‌സ്മാന്മാർ കാഴ്ച്ച വെച്ചത്. ശുഭ്മാൻ ഗിൽ 50 പന്തുകളിൽ നിന്നായി 5 ഫോറും 4 സിക്‌സും അടക്കം 84 റൺസ് നേടി. കൂടാതെ ജോസ് ബട്ലർ 26 പന്തിൽ 3 ഫോറും 4 സിക്‌സും അടക്കം 50 റൺസ് നേടി. ബോളിങ്ങിൽ രാജസ്ഥാൻ താരങ്ങൾ മോശമായ പ്രകടനമാണ് കാഴ്ച്ച വെച്ചത്.