ആ സൂപ്പര്‍ താരത്തെ പുറത്താക്കണം, തുറന്നടിച്ച് മക്കല്ലം

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ദയനീയ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കിവീസ് താരം ബ്രെന്‍ഡം മക്കല്ലം. സാന്റ്‌നറെ തത്കാലം ഒഴിവാക്കണമെന്നും ടീം മെച്ചപ്പെട്ട ശേഷം തിരിച്ചു കൊണ്ട് വരണമെന്നുമാണ് മക്കല്ലം ആവശ്യപ്പെടുന്നത്.

“”എല്ലാവരും കരിയറിന്റെ ചില ഘട്ടങ്ങളില്‍ ടീമുകളില്‍ നിന്ന് പുറത്താവാറുണ്ട്. അതിനര്‍ത്ഥം നിങ്ങള്‍ക്ക് അവിടെ കളിക്കാനുള്ള യോഗ്യത ഇല്ലെന്നല്ല, മറിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ കളിയില്‍ ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ട് എന്നതാണ്.”” മക്കല്ലം പറയുന്നു.

ഓസ്‌ട്രേലിയക്കെതിരെ ദയനീയ പ്രകടനമാണ് സാന്റ്‌നര്‍ കാഴ്ച്ച വെയ്ക്കുന്നത്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 150 ലധികം റണ്‍സുകള്‍ വിട്ട് കൊടുത്ത സാന്റ്‌നര്‍ക്ക് ഒരു വിക്കറ്റ് പോലും സ്വന്തമാക്കാനായില്ല. ബാറ്റിംഗിലും ദയനീയമായിരുന്നു സാന്റ്‌നറുടെ പ്രകടനം. മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിലും ദയനീയ പ്രകടനം ആവര്‍ത്തിച്ചു. രണ്ടിന്നിംഗ്‌സുകളിലുമായി 30 റണ്‍സ് മാത്രം നേടിയ താരം മത്സരത്തില്‍ നൂറിന് മുകളില്‍ റണ്‍സ് വിട്ടു നല്‍കിയിട്ടും ഒരു വിക്കറ്റ് മാത്രമായിരുന്നു വീഴ്ത്തിയത്.

ഇതാണ് സാന്റ്‌നര്‍ക്കെതിരെ തിരിയാന്‍ മക്കല്ലത്തെ പ്രേരിപ്പിച്ചത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും കിവീസ് തോറ്റിരുന്നു. ഇതോടെ ന്യൂസിലന്‍ഡ് ടീമിനും നായകന്‍ കെയ്ന്‍ വില്യംസണും രൂക്ഷ വിമര്‍ശനമാണ് ആരാധകരില്‍ നിന്നും നേരിടുന്നത്.