IPL 2025: പഞ്ചാബിനോട് ഇനി മുട്ടാന്‍ നില്‍ക്കേണ്ട, അവരുടെ സൂപ്പര്‍താരം ടീമിലേക്ക് തിരിച്ചെത്തുന്നു, ഇനി തീപാറും, ആരാധകര്‍ ആവേശത്തില്‍

ഐപിഎല്‍ 2025 സീസണില്‍ പ്ലേഓഫില്‍ എത്താന്‍ സാധ്യത കൂടുതലുളള ടീമാണ് പഞ്ചാബ് കിങ്‌സ്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ശ്രദ്ധേയ പ്രകടനമാണ് അവര്‍ ഈ വര്‍ഷം കാഴ്ചവച്ചത്. കഴിഞ്ഞ ലേലത്തില്‍ മൊത്തത്തില്‍ പുതിയ ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ വലിയ മാറ്റമാണ് പഞ്ചാബിനുണ്ടായത്. പോയിന്റ് ടേബിളില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് അവരുളളത്. 11 കളികളില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 15 പോയിന്റാണ് പഞ്ചാബിനുളളത്. മേയ് 18ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് അവരുടെ അടുത്ത മത്സരം.

നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന ടീമിന് ആശ്വാസമായിരിക്കുകയാണ് സ്റ്റാര്‍ പേസര്‍ മാര്‍ക്കോ യാന്‍സന്റെ തിരിച്ചുവരവ്. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുളള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടംപിടിച്ചിരുന്നു യാന്‍സന്‍. ഇതോടെ താരം പഞ്ചാബിനായി ഈ സീസണില്‍ ഇനി കളിക്കുമോയെന്ന സംശയമുണ്ടായി. എന്നാല്‍ ഐപിഎലില്‍ ബാക്കിയുളള മത്സരങ്ങളില്‍ ടീമിനൊപ്പം ഉണ്ടാവുമെന്ന് യാന്‍സന്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.

രാജസ്ഥാനെതിരായ മത്സരത്തില്‍ യാന്‍സന്‍ ടീംഇലവനില്‍ ഉണ്ടാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഒരുങ്ങുന്ന പ്രോട്ടീസ് ടീമിലെ എട്ട് കളിക്കാരില്‍ ആദ്യമായാണ് ഒരു താരം ഐപിഎലില്‍ തിരിച്ചുവരവ്‌ ഉറപ്പിച്ചത്. മേയ് 26ന് താരങ്ങളോട് തിരിച്ചുവരാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 30ന് അവര്‍ ഇംഗ്ലണ്ടിലേക്ക് പോവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 11നാണ്. നിലവില്‍ രണ്ടോ മൂന്നോ ലീഗ് മത്സരങ്ങള്‍ക്ക് താനുണ്ടാവുമെന്നാണ് യാന്‍സന്‍ അറിയിച്ചിരിക്കുന്നത്.