IPL 2025: നിന്നെ കൊണ്ട് ഒന്നിനും കഴിയില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുവാണല്ലോ പന്തേ നീ, നിരാശനായി എല്‍എസ്ജി ഉടമ, തനിക്ക് അങ്ങനെ തന്നെ വേണമെന്ന് ആരാധകര്‍

പഞ്ചാബ് കിങ്‌സിനെതിരെ ലഖ്‌നൗ തോറ്റതില്‍ നായകന്‍ റിഷഭ് പന്തിനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് വരുന്നത്. പ്ലേഓഫ് പ്രവേശനം ഉറപ്പാക്കാനുളള നിര്‍ണായക മത്സരത്തില്‍ വിജയിക്കാനാവാതെ പോയത് ടീമിന് തിരിച്ചടിയായിരിക്കുകയാണ്. പഞ്ചാബിന്റെ 237 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് 37 റണ്‍സിന്റെ തോല്‍വിയാണ് ഇന്നലെ വഴങ്ങേണ്ടി വന്നത്. ആയുഷ് ബദോണിയും (74, അബ്ദുള്‍ സമ്മദുമാണ് (45) ലഖ്‌നൗവിന് വേണ്ടി കാര്യമായി സ്‌കോര്‍ ചെയ്ത ബാറ്റര്‍മാര്‍.

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ മധ്യനിരയില്‍ ഇറങ്ങിയ റിഷഭ് പന്ത് കളിയെ മുന്നോട്ട് കൊണ്ടുപോവുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒരിക്കല്‍ കൂടിപരാജയപ്പെടുകയായിരുന്നു. വലിയ റണ്‍ചേസ് പിന്തുടരുന്ന മത്സരത്തില്‍ 17 പന്തില്‍ 18 റണ്‍സ് മാത്രമെടുത്ത് മോശം പ്രകടനമാണ് എല്‍എസ്ജി നായകനില്‍ നിന്നുണ്ടായത്. കാര്യമായൊരു കൂട്ടുകെട്ട് പോലും ഉണ്ടാക്കാന്‍ ശ്രമിക്കാതെയാണ് വലിയ ഷോട്ടിനായി ശ്രമിച്ച് പന്തിന്റെ പുറത്താവല്‍.

അസ്മതുളളാഹ് ഒമര്‍സായിയുടെ പന്തില്‍ ശശാങ്ക് സിങ് ക്യാച്ചെടുത്താണ് എല്‍എസ്ജി നായകന്‍ പുറത്തായത്‌. ഷോട്ടിനായി ശ്രമിക്കവേ പന്തിന്റെ ബാറ്റ് കയ്യില്‍ നിന്ന് വീഴുകയും ചെയ്തിരുന്നു. ഇതെല്ലാം കണ്ട് ഗ്യാലറിയില്‍ വലിയ നിരാശയിലാണ് എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയങ്കയെ കാണപ്പെട്ടത്. പഞ്ചാബിനെതിരെ തോറ്റതോടെ നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ലഖ്‌നൗവുളളത്. പ്ലേഓഫില്‍ കയറണമെങ്കില്‍ ഇനിയുളള എല്ലാ മത്സരങ്ങളിലും അവര്‍ക്ക് ജയിക്കണം.