കൂടുതല്‍ വിലയ്ക്ക് കന്നുകാലികളെ വില്‍ക്കുന്നത് പോലെ ; ഐ.പി.എല്‍ ലേലത്തെ വിമര്‍ശിച്ച് സി.എസ്‌.കെ താരം

ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മെഗാലേലം കന്നുകാലികളെ വില്‍ക്കുന്നതിന് സമാനമായ ഫീലിംഗ്‌സ് ഉണ്ടാക്കുന്നതായി എംഎസ് ധോണിയുടെ സിഎസ്‌കെയിലെ സഹതാരം റോബിന്‍ ഉത്തപ്പ. നേരത്തേ പരീക്ഷയെഴുതിയിട്ട് റിസള്‍ട്ട് കാത്തിരിക്കും പോലെയാണ് ലേലമെന്നും താരം പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ ലേലം കാണുമ്പോള്‍ കളിക്കാര്‍ കന്നുകാലികളാണെന്ന് തോന്നും. ഏറ്റവും കൂടുതല്‍ വില കിട്ടുന്നവയെ വില്‍ക്കും. ഇതൊരു സന്തോഷകരമായ കാര്യമായി തോന്നുന്നില്ല. കളിക്കാരന്റെ മികവ് അനുസരിച്ചാണ് ഒരു കളിക്കാരനെക്കുറിച്ച് ഒരു അഭിപ്രായം രൂപപ്പെടുന്നതെന്നും എന്നാല്‍ അവ എത്രമാത്രം നിങ്ങള്‍ക്ക് വില്‍ക്കാന്‍ കഴിയുമെന്നും താരം ചോദിച്ചു. മെഗാലേലത്തില്‍ രണ്ടു കോടിയ്ക്ക് ചെന്നൈ സൂപ്പര്‍കിംഗ്‌സാണ് ഉത്തപ്പയെ വാങ്ങിയത്.

ഇത്തവണയും ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ കളിക്കണമെന്ന് കുടുംബവും താനും പ്രാര്‍ത്ഥിച്ചിരുന്നെന്നും താരം പറഞ്ഞു. ചെന്നൈയ്ക്ക് ഒപ്പം കളിക്കുന്നത് ആഗ്രഹമായിരുന്നു. ഇതിനായി തന്റെ മകന്‍ ഉള്‍പ്പെടെ കുടുംബത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയാണ് ഫലവത്തായത്.

താരങ്ങളെ ലേലം വിളിച്ചെടുക്കുന്ന പരിപാടിയ്ക്ക് പകരം ഡ്രാഫ്റ്റ് പോളിസി വേണമെന്നതാണ് ഉത്തപ്പയുടെ അഭിപ്രായം. ഒരു കളിക്കാരന്‍ വിറ്റു പോകാത്തത് ഉണ്ടാക്കുന്ന വിഷമം ഒഴിവാക്കാന്‍ സഹായിക്കുമെന്നും പറഞ്ഞു.