ഐ.പി.എൽ 2026-ലെ ക്വാളിഫയർ 1-ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയ ഗംഭീര വിജയത്തിന് പിന്നാലെ, ടീമിലെ ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. ക്രുണാലിന്റെ ഇപ്പോഴത്തെ ഫോം വെച്ച് നോക്കിയാൽ, അക്സർ പട്ടേലിനേക്കാൾ മികച്ച ഓപ്ഷൻ അദ്ദേഹമാണെന്നും, ഇന്ത്യൻ ടി20 ടീമിലേക്ക് അദ്ദേഹം തിരിച്ചെത്താൻ അർഹനാണെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
ക്വാളിഫയർ 1-ൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയാണ് ക്രുണാൽ പാണ്ഡ്യ ആർ.സി.ബിയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത്. 28 പന്തിൽ 43 റൺസ് അടിച്ചുകൂട്ടിയ താരം, ബൗളിംഗിൽ 3.3 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകളും നേടിയിരുന്നു. “ക്രുണാൽ പാണ്ഡ്യ ആർ.സി.ബിയുടെ യഥാർത്ഥ കാറ്റലിസ്റ്റാണ്.. അദ്ദേഹം വീണ്ടും ഇന്ത്യൻ ടീമിൽ എത്താൻ അർഹനാണ്. അക്സർ പട്ടേലിനേക്കാൾ വളരെ മുന്നിലാണ് ക്രുണാലിന്റെ ഇപ്പോഴത്തെ ഫോം.”
ക്രുണാലിനൊപ്പം ഭുവനേശ്വർ കുമാർ, രജത് പടിദാർ എന്നിവരും ഇന്ത്യൻ ടി20 ടീമിലേക്ക് പരിഗണിക്കപ്പെടാൻ അർഹരാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. കോഹ്‌ലി, പടിദാർ, പടിക്കൽ, ക്രുണാൽ എന്നിവർ ചേർന്നുള്ള ആർ.സി.ബി ബാറ്റിംഗ് നിര എതിരാളികളെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
Read more
ആർ.സി.ബിയുടെ ഈ തകർപ്പൻ ഫോം ഫൈനലിൽ എത്തുന്ന ടീമിനെ വിറപ്പിക്കുമെന്ന് ശ്രീകാന്ത് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ആർ.സി.ബി തുടർച്ചയായ രണ്ടാം കിരീടത്തിനായുള്ള പോരാട്ടത്തിലാണ്. റൊമാരിയോ ഷെപ്പേർഡിന് പകരം ജേക്കബ് ഡഫിക്ക് കൂടുതൽ ഓവറുകൾ നൽകിയ ആർ.സി.ബിയുടെ തന്ത്രത്തെയും ശ്രീകാന്ത് പ്രശംസിച്ചു. ഫൈനലിലും ഇതേ തന്ത്രം തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.







