ചെന്നൈയെ ഭയപ്പെടുത്തുന്ന കൊല്‍ക്കത്ത ട്രിക്ക്; ആവര്‍ത്തിച്ചാല്‍ ധോണിപ്പട വിയര്‍ക്കും

മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലെ ഐപിഎല്‍ ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. സൂപ്പര്‍ കിംഗ്‌സിന് ഇത് ഒമ്പതാം ഫൈനലാണ്; കൊല്‍ക്കത്തയ്ക്ക് മൂന്നാമത്തേതും. കലാശപ്പോരിനിറങ്ങുമ്പോള്‍ സൂപ്പര്‍ കിംഗ്‌സിനെ ഭയപ്പെടുത്തുന്ന ചില കണക്കുകളുണ്ട്. അതിനാല്‍ തന്നെ നൈറ്റ് റൈഡേഴ്‌സിനെ കരുതലോടെയാവും ധോണിപ്പട നേരിടുക.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച റെക്കോഡുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എങ്കിലും എട്ടു ഫൈനലുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ സൂപ്പര്‍ കിംഗ്‌സിന് ജയിക്കാനായിട്ടുള്ളൂ. മറുവശത്ത് കളിച്ച രണ്ടു ഫൈനലിലുകളിലും വിജയിച്ച ചരിത്രമുള്ള ടീമാണ് നൈറ്റ് റൈഡേഴ്‌സ്. 2012, 2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഫൈനല്‍ കളിച്ചു. രണ്ടുവട്ടവും അവര്‍ കിരീടം ചൂടുകയും ചെയ്തു.

2012ലെ ആദ്യ കിരീട നേട്ടത്തില്‍ കൊല്‍ക്കത്ത ഫൈനലില്‍ പരാജയപ്പെടുത്തിയത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ്. അന്ന് സുരേഷ് റെയ്നയുടെയും (73) മൈക്ക് ഹസിയുടെയും (54) മുരളി വിജയ്യുടെയും (42) മികവില്‍ 190/3 എന്ന വമ്പന്‍ സ്‌കോര്‍ കുറിക്കാന്‍ സൂപ്പര്‍ കിംഗ്‌സിന് സാധിച്ചിരുന്നു. എതിര്‍നിരയിലെ അപകടകാരികളായ ഗൗതം ഗംഭീര്‍, യൂസഫ് പഠാന്‍ എന്നിവരെ രണ്ടക്കം കാണിക്കാതിരിക്കാനും സൂപ്പര്‍ കിഗ്സിന് സാധിച്ചു.

പക്ഷേ, മന്‍വീന്ദര്‍ ബിസ്ലയുടെയും (89) ജാക്വസ് കാലിസിന്റെയും (69) കരുത്തില്‍ തിരിച്ചടിച്ച കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ബാക്കിവെച്ച് അഞ്ച് വിക്കറ്റ് വിജയവുമായി കന്നി ഐപിഎല്‍ ട്രോഫി കൈപ്പിടിയിലൊതുക്കി. കൊല്‍ക്കത്തയ്ക്കു പുറമെ രാജസ്ഥാന്‍ റോയല്‍സ് (2008), മുംബൈ ഇന്ത്യന്‍സ് (2013, 2015, 2019) എന്നീ ടീമുകളും ഫൈനലില്‍ സൂപ്പര്‍ കിംഗ്സിനെ മുട്ടുകുത്തിച്ചിരുന്നു.

Read more