ലോക കപ്പ് നേടി, ഇനി ഇംഗ്ലീഷ് കോച്ച് ഈ ഐ.പി.എല്‍ ടീമിനെ പരിശീലിപ്പിക്കും

ലോക കപ്പ് നേടിയ ഇംഗ്ലീഷ് ടീമിനെ പരിശീലിപ്പിച്ച കോച്ച് ട്രെവര്‍ ബൈലിസിനെ പരിശീലകനാക്കി നിശ്ചയിച്ച് ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇംഗ്ലണ്ട് ലോക കപ്പ് നേടിക്കൊടുത്തതിന് പിന്നാലെയാണ് ട്രെവറിനെ കൊല്‍ക്കത്തന്‍ ടീമിന്റെ പരിശീലകനാക്കി ടീം മാനേജുമെന്റ് നിശ്ചയിച്ചിരിക്കുന്നത്.

ട്രെവറിനെ കൂടാതെ ന്യൂസിലന്‍ഡ് താരം ബ്രെണ്ടം മക്കല്ലത്തെ ബാറ്റിംഗ് പരിശീലകനും മെന്ററുമാക്കി നിശ്ചയിച്ചിട്ടുണ്ട്.

ഇതോടെ കഴിഞ്ഞ ലോക കപ്പ് ഫൈനല്‍ കളിച്ച ടീമുകളുടെ പ്രകടനത്തില്‍ പങ്കാളികളായ രണ്ട് പേരെയാണ് കൊല്‍ക്കത്ത സ്വന്തം തട്ടകത്തില്‍ എത്തിക്കുന്നത്. നേരത്തെ 2011-ലും 2014-ലും കൊല്‍ക്കത്തന്‍ ടീമുമായി സഹകരിച്ച ട്രെവന്‍ കൊല്‍ക്കത്തയ്ക്ക് രണ്ട് കിരീടവും സമ്മാനിച്ചിരുന്നു. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സ്‌ക്‌സേഴ്‌സിന്റെ പരിശീലകനായും ട്രെവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2015 മുതല്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനാണ് ട്രെവന്‍. ആഷസ് പരമ്പരക്ക് ശേഷം ട്രെവന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ചേരും. നേരത്തെ കൊല്‍ക്കത്ത ടീമിന്റെ താരമായിരുന്ന മക്കല്ലത്തിന് ടീമില്‍ ഇത് പുതു ദൗത്യമാണ്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസ് വഹിച്ചിരുന്ന ഉത്തരവാദിത്വമാണ് മക്കല്ലം ഏറ്റെടുക്കുന്നത്.

കഴിഞ്ഞ ആഴ്ച മുഖ്യ പരിശീലകന്‍ ജാക്ക് കാലിസുമായും സഹ പരിശീലകന്‍ സൈമന്‍ കാറ്റിച്ചുമായും ക്ലബ് വഴി പിരിഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ പ്ലേ ഓഫിലെത്തിയപ്പോള്‍ കഴിഞ്ഞ എഡിഷനില്‍ അഞ്ചാമത് എത്താനേ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞുള്ളൂ. താരമായും ഉപദേശകനായും പരിശീലകനായും ഒമ്പത് വര്‍ഷം ചെലവഴിച്ച ശേഷമാണ് കാലിസ് പടിയിറങ്ങുന്നത്.