അവന്റെ തിരിച്ചു വരവിനായി കോഹ്ലി അത്രയും ആഗ്രഹിച്ചിരുന്നു; സഞ്ജുവിന്റെ വിക്കറ്റിൽ നിരാശ

ഐപിഎലിൽ തങ്ങളുടെ മൂന്നാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 43 റണ്‍സിനാണ് സിഎസ്‌കെ പരാജയം വഴങ്ങിയത്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്ക്ക് 19. 4 ഓവറില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്.

ചെന്നൈ സൂപ്പർ കിം​ഗ്സിനായുള്ള മത്സരങ്ങളിൽ നിരാശപ്പെടുത്തുന്നത് തുടരുകയാണ് മലയാളി താരം സ‍ഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു രണ്ടക്കം കടക്കാൻ പോലും താരത്തിനു സാധിച്ചിട്ടില്ല. ഇപ്പോഴിതാ സഞ്ജു ഔട്ടായ ശേഷം ഗ്രൗണ്ടില്‍ വച്ച് ബെംഗളുരുവിന്റെ ഇതിഹാസ ബാറ്ററും റണ്‍മെഷീനുമായ വിരാട് കൊഹ്‌ലിയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സഞ്ജു പുറത്തായപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു. മറ്റു താരങ്ങളുടെ വിക്കറ്റുകൾ ആഘോഷിച്ച വിരാട്, സഞ്ജുവിന്റെ വിക്കറ്റിൽ നിരാശ പ്രകടിപ്പിച്ച വീഡിയോ വൈറലായിരുന്നു. സഞ്ജുവിന്റെ തിരിച്ചു വരവിനായി കോഹ്ലി അത്രമേൽ ആഗ്രഹിച്ചിരുന്നു എന്നാണ് ആരാധകർ വിലയിരുത്തുന്നത്.