പക വീട്ടാന്‍ കോഹ്ലി കാത്തിരിക്കണം; ഓവലില്‍ ഇംഗ്ലണ്ടിന്റെ വക സര്‍പ്രൈസ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സനും തമ്മിലെ പോരാട്ടമാണ് ഇരുടീമുകളും തമ്മിലെ ടെസ്റ്റ് പരമ്പരയുടെ ആവേശം വര്‍ദ്ധിപ്പിക്കുന്നത്. ഇക്കുറി കോഹ്ലിക്കു മേല്‍ ആന്‍ഡേഴ്‌സന്‍ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. അതിനാല്‍ത്തന്നെ ആന്‍ഡേഴ്‌സനോട് കണക്കു തീര്‍ക്കാന്‍ കോഹ്ലിയുടെ മനസ് വെമ്പുന്നുണ്ടാവും. പക്ഷേ, പ്രതികാരത്തിന് കോഹ്ലി അല്‍പ്പം കാത്തിരിക്കേണ്ടി വരും. ഓവലിലെ നാലാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സന് വിശ്രമം അനുവദിക്കുമെന്ന് ഇംഗ്ലീഷ് കോച്ച് ക്രിസ് സില്‍വര്‍വുഡ് സൂചന നല്‍കുന്നു.

ഒരുപാട് ക്രിക്കറ്റ് കളിക്കേണ്ട സമയമാണ് വരുന്നത്. ടെസ്റ്റുകള്‍ ഏറെ മുന്നിലുണ്ട്. തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്നത് ബുദ്ധിമുട്ടാണെന്നും സില്‍വര്‍വുഡ് പറഞ്ഞു. ഇംഗ്ലീഷ് താരങ്ങള്‍ കളത്തിലിറങ്ങുമ്പോഴെല്ലാം പൂര്‍ണമായും ടീമിനായി സമര്‍പ്പിക്കാറുണ്ട്. അവരെ പരിഗണിക്കേണ്ടത് കടമയാണെന്നും സില്‍വര്‍വുഡ് പറഞ്ഞു.

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ എറിഞ്ഞ ബോളര്‍മാരിലൊരാളാണ് ആന്‍ഡേഴ്‌സന്‍. 39കാരനായ ആന്‍ഡേഴ്‌സണ്‍ 116.3 ഓവറുകളാണ് പൂര്‍ത്തിയാക്കിയത്. 116.5 ഓവറുകള്‍ എറിഞ്ഞ ഒലി റോബിന്‍സണ്‍ മാത്രമേ ആന്‍ഡേഴ്‌സന് മുന്നിലുള്ളൂ. ഇന്ത്യന്‍ ബോളര്‍മാരില്‍ ആരും ആന്‍ഡേഴ്‌സനോളം ഓവറുകള്‍ എറിഞ്ഞിട്ടില്ല. അവസാന ടെസ്റ്റുകള്‍ തമ്മില്‍ ചെറിയ ഇടവേള മാത്രമേയുള്ളൂവെന്നതും ഓവലില്‍ ആന്‍ഡേഴ്‌സനെ കരയ്ക്കിരുത്താന്‍ ഇംഗ്ലണ്ടിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ പെടുന്നു.