ശ്രേയസിനെ പുറത്താക്കാന്‍ എതിര്‍ ടീമിന് കോഹ്‌ലിയുടെ ഉപദേശം, വീഡിയോ വൈറല്‍

ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറുമായി സന്നാഹ മത്സരം കളിക്കുകയാണ് ഇന്ത്യ. ലെസസ്റ്ററിനായി നാല് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നുണ്ട്. റിഷഭ് പന്ത്, ചേതേശ്വര്‍ പൂജാര, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് എതിര്‍പാളയത്തിലുള്ളത്. ഇപ്പോഴിതാ മത്സരത്തിനിടെ ശ്രേയസ് അയ്യരെ പുറത്താക്കാന്‍ പ്രസിദ്ധിന് ഉപദേശം നല്‍കുന്ന കോഹ്‌ലിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 19ാം ഓവറിന്റെ അവസാനമാണ് കോഹ് ലി പ്രസിദ്ധിന് നിര്‍ണായക ഉപദേശം നല്‍കിയത്. കോഹ്‌ലിയുടെ ഉപദേശം സ്വീകരിച്ച് മടങ്ങിയ പ്രസിദ്ധ് 21-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ശ്രേയസിനെ പുറത്താക്കി. ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞാണ് പ്രസിദ്ധ് ശ്രേയസിനെ വീഴ്ത്തിയത്. 11 പന്തുകള്‍ നേരിട്ട ശ്രേയസ് സംപൂജ്യനായാണ് മടങ്ങിയത്.

ലെസ്റ്റര്‍ഷെയറിനെതിരെ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന് 246 റണ്‍സെന്ന നിലയിലാണ്. കെഎസ് ഭരതിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 111 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം 70 റണ്‍സ് നേടി താരം ക്രീസിലുണ്ട്. 18 റണ്‍സെടുത്ത ഷമിയാണ് ഭരതിനൊപ്പമുള്ളത്.

ഏഴിനു 148 ലേക്കു കൂപ്പുകുത്തിയ ഇന്ത്യ 200 തികയ്ക്കുമോയന്ന സംശയം മുന്നിുല്‍ നില്‍ക്കവേയാണ് ഭരത് രക്ഷനായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് ഭരത്.

നായകന്‍ രോഹിത് ശര്‍മ (25), ശുഭ്മാന്‍ ഗില്‍ (21), ഹനുമാ വിഹാരി (3), വിരാട് കോഹ്‌ലി (33), ശ്രേയസ് അയ്യര്‍ (0), രവീന്ദ്ര ജഡേജ (13), ശര്‍ദ്ദുല്‍ ടാക്കൂര്‍ (6), ഉമേഷ് യാദവ് (23) എന്നിവരാണ് പുറത്തായത്.

 അഞ്ചു വിക്കറ്റുകളെടുത്ത റോമന്‍ വാക്കറാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. വില്‍ ഡേവിസ് രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി. ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.