രാഹുൽ ദ്രാവിഡിനെ പോലെയാണ് കെ എൽ രാഹുൽ, ഏത് റോളിലും അവൻ തകർക്കും: മുഹമ്മദ് കൈഫ്

ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ 7 വിക്കറ്റിനാണ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നിൽക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്‍സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ സെഞ്ചുറിയും, വിൽ യങ് അർദ്ധ സെഞ്ചുറിയും നേടി.

മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ സെഞ്ച്വറി നേടിയ രാഹുലിന്റെ ഇന്നിങ്സാണ് ടീമിന് കരുത്തായത്. അഞ്ചാമതെത്തിയ താരം മത്സരത്തില്‍ 92 പന്തില്‍ പുറത്താവാതെ 112 റണ്‍സെടുത്തിരുന്നു. ഇപ്പോഴിതാ രാഹുലിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ താരം മുഹമ്മദ് കൈഫ്.

രാഹുല്‍ ദ്രാവിഡിന് ശേഷം താന്‍ കണ്ടിട്ടുള്ളവരില്‍ ഏറ്റവും നിസ്വാര്‍ത്ഥനായ താരമാണ് രാഹുലെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്. ദ്രാവിഡിനെ പോലെ ഇന്ത്യന്‍ ടീമിന് വേണ്ടി എന്ത് ദൗത്യം ചെയ്യാനും രാഹുല്‍ തയ്യാറാണെന്നും അവ പരാതിയില്ലാതെ ചെയ്യുമെന്നും കൈഫ് അഭിപ്രായപ്പെട്ടു.

Read more

ടെസ്റ്റില്‍ ഓപ്പണറായും ഏകദിനത്തില്‍ മിഡില്‍ ഓര്‍ഡറിലും കളിക്കുന്ന രാഹുല്‍ ക്യാപ്റ്റനായും സ്ലിപ്പില്‍ ഫീല്‍ഡറായും തിളങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവേയായിരുന്നു കൈഫിന്റെ വിശകലനം.