പന്തിന് പകരം പൂജാരയെ ഉപനായകനാക്കിയതിന്റെ മാനദണ്ഡം മനസ്സിലാകുന്നില്ല; പ്രതികരിച്ച് കെ.എല്‍ രാഹുല്‍

ഋഷഭ് പന്തിനു പകരം ചേതേശ്വര്‍ പൂജാരയെ വൈസ് ക്യാപ്റ്റനായി നിയമിച്ചതില്‍ പ്രതികരണവുമായി കെ.എല്‍ രാഹുല്‍. പന്തിന് പകരം പൂജാരയെ ഉപനായകനാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് അറിയില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച് രാഹുല്‍ പറഞ്ഞു.

എന്താണ് മാനദണ്ഡമെന്ന് എനിക്കറിയില്ല. ആരു തിരഞ്ഞെടുക്കപ്പെട്ടാലും സ്വയം പുറത്തുതട്ടി അഭിനന്ദിച്ചശേഷം മുന്നോട്ടു പോകുക. എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ വൈസ് ക്യാപ്റ്റനാകുമ്പോള്‍ ടീമിന്റെ ഉത്തരവാദിത്തം കിട്ടിയതില്‍ സന്തോഷിക്കും. വൈസ് ക്യാപ്റ്റനായാലും ചെയ്യേണ്ട കാര്യങ്ങളില്‍ മാറ്റില്ല. ടീമിലെ എല്ലാവര്‍ക്കും അവരുടെ റോളുകളും ഉത്തരവാദിത്തങ്ങളും അറിയാം. അവരുടെ സംഭാവനയെ ടീം വിലമതിക്കുന്നു.

ഋഷഭും പൂജാരയും ടെസ്റ്റ് ക്രിക്കറ്റില്‍ ഞങ്ങള്‍ക്ക് വേണ്ടി തിളങ്ങിയവരാണ്. അവര്‍ പലതവണ ആ ജോലി ചെയ്തിട്ടുണ്ട്. ആരെ നിയമിച്ചാലും അവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. ഞങ്ങള്‍ ഒരു ടീമായി തുടരും. 11 കളിക്കാരായി ടീം വിജയിക്കുന്നു, ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ഒരു ടീമായി ഇറങ്ങും- രാഹുല്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ബംഗ്ലദേശിനെതിരായ അവസാന ഏകദിനത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് രോഹിത് ശര്‍മ പുറത്തായ സാഹചര്യത്തിലാണ് രാഹുലിനെ നായകനാക്കിയത്.

Read more

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് 14നാണ് ആരംഭിക്കുക. ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടേണ്ടത് അഭിമാന പ്രശ്നമാണ്.