KKR VS CSK: എടാ പിള്ളേരെ, എന്നെ തടയാൻ നിന്നെക്കൊണ്ടൊന്നും സാധിക്കില്ല; വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി എം എസ് ധോണി

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 2 വിക്കറ്റിന് വിജയിക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു. നാളുകൾക്ക് ശേഷം ഒരു വിജയം നേടാനായതിൽ ആരാധകർ സന്തോഷത്തിലാണ്. ഇതോടെ കൊൽക്കത്തയുടെ ഈ സീസണിലെ പ്ലെപ്ഫ് സാധ്യതകൾക്ക് നിറം മങ്ങി.

ഇന്നലെ നടന്ന മത്സരത്തിൽ വീണ്ടും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് എം എസ് ധോണി. ഐപിഎൽ ചരിത്രത്തിൽ 200 ഡിസ്മിസലുകൾ നടത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ധോണി സ്വന്തം പേരിലെഴുതിച്ചേർത്തത്. കൊൽക്കത്തയുടെ ആറ് വിക്കറ്റുകൾ വീണ മത്സരത്തിൽ ഒരു സ്റ്റമ്പിങ്ങും ഒരു ക്യാച്ചുമാണ് ധോണി സ്വന്തമാക്കിയത്. ഇതോടെ 153 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുമാണ് ധോണി ഐപിഎല്ലിൽ സ്വന്തമാക്കിയത്. 174 ഡിസ്മിസലുകൾ നടത്തിയ ദിനേശ് കാർത്തിക് ആണ് ധോണിക്ക് പിന്നിലുള്ളത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 179 റൺസ് നേടി. അജിൻക്യ രഹാനെ 48 റൺസും ആന്ദ്രേ റസ്സൽ 38 റൺസും മനീഷ് പാണ്ഡെ 36 റൺസും സുനിൽ നരെയ്ൻ 26 റൺസും നേടി ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. മറുപടി ബാറ്റിഗിൽ ചെന്നൈയുടെ പ്രധാന അഞ്ച് വിക്കറ്റുകളും പവർപ്ളേയിൽ തന്നെ നേടാൻ കൊൽക്കത്തയ്ക്ക് സാധിച്ചു.

എന്നാൽ ചെന്നൈക്ക് വേണ്ടി ദേവാൾഡ് ബ്രെവിസ്, ശിവം ദുബൈ എന്നിവരുടെ മികച്ച പ്രകടനമാണ് കൊൽക്കത്തയ്ക്ക് പണിയായത്. ബ്രെവിസ് നാലു ഫോറും നാലു സിക്‌സും അടക്കം 52 റൺസ് അദ്ദേഹം നേടി. ശിവം ദുബൈ 40 പന്തിൽ 2 ഫോറും 3 സിക്‌സും അടക്കം 45 റൺസും നേടി. മത്സരത്തിന്റെ അവസാന നിമിഷം എം എസ് ധോണി 17 പന്തിൽ ഒരു സിക്സ് അടക്കം 18 റൺസ് നേടി ടീമിന് വിജയം സമ്മാനിച്ചു.