രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ മറികടന്ന് ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിന് അഭിനന്ദനങ്ങളുമായി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ. രഞ്ജി ട്രോഫി ഫൈനലിന് തൊട്ടരികെ നിൽക്കുന്ന കേരളം ടീമിന് സോഷ്യൽ മീഡിയയിൽ എങ്ങും അഭിനന്ദനങൾ കിട്ടുമ്പോൾ ആണ് സഞ്ജു സാംസൺ സോഷ്യൽ മീഡിയയിൽ എത്തിയത്.
” ഇങ്ങനെ ഒരു മത്സരം കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പത്തുവർഷങ്ങൾക്ക് മുമ്പ് നമ്മൾ കണ്ട സ്വപനത്തിലേക്ക് ഒരു സ്റ്റെപ് മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അത് നമ്മൾ കടന്ന് കിരീടം നേടും.” സഞ്ജു എഴുതി.
2019 ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി ചരിത്രത്തിൽ സെമിയിലെത്തിയപ്പോൾ അന്ന് മുന്നിൽ നിന്ന് നയിക്കാൻ സഞ്ജുവുണ്ടായിരുന്നു. അതേസമയം സഞ്ജുവിനെ സംബന്ധിച്ച് കേരളം ഫൈനലിൽ എത്തിയാലും അവിടെ കളിക്കാൻ പറ്റില്ല. പരിക്ക് മൂലം ഇപ്പോൾ ചികിത്സയിൽ ഇരിക്കുന്ന സഞ്ജു ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് സമയത്ത് സഞ്ജു ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് കരുതപ്പെടുന്നു.
രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ അതിനിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം രഞ്ജി ഫൈനലിന് തൊട്ടരികെ. കേരളത്തിൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റൺസിന് മറുപടിയായി അവസാന ദിനം ബാറ്റിംഗ് തുടർന്ന ഗുജറാത്ത് 455 റൺസിന് പുറത്ത്. 2റൺസിന്റെ നിർണായകമായ ലീഡ് കേരളം നേടിയത് വമ്പൻ ട്വിസ്റ്റുകൾക്ക് ഒടുവിൽ ആയിരുന്നു. അതേസമയം രണ്ടാം ഇന്നിങ്സിൽ 93 – 4 എന്ന നിലയിൽ നിൽക്കുന്ന കേരളം ഇനിയുള്ള സമയം പിടിച്ചുനിൽക്കാനാകും ശ്രമിക്കുക.