'രോഹിത്തിന്റെ മോശം ഫോം കാരണം ടീം അസ്വസ്തമാണ്'; തുറന്നടിച്ച് കപില്‍ ദേവ്

അടുത്തകാലത്തായി മോശം ഫോമിനാല്‍ ഉഴലുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന ഒമ്പത് ഇന്നിംഗ്സുകളില്‍ 0, 8, 18, 11, 3, 6, 10, 3, 9, 2 എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം. ഈ അവസരത്തില്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവ് രോഹിത്തിന്റെ മോശം ഔട്ടിംഗുകളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. താരത്തിന്റെ മോശം ഫോം കാരണം ടീം മുഴുവന്‍ അസ്വസ്ഥമാണെന്ന് അദ്ദേഹം പറഞ്ഞു.

‘അവന്‍ (രോഹിത്) ഒരു വലിയ കളിക്കാരനാണ്. അവന്‍ വേഗത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് പരിഹരിക്കാന്‍ സമയമെടുക്കും. രാജ്യം മുഴുവന്‍ ടീമിന്റെ പ്രകടനത്തിനായി ഉറ്റുനോക്കുന്നു. അടുത്ത കാലത്തായി ടീം കുറച്ച് നല്ല പ്രകടനങ്ങല്‍ പുറത്തെടുത്തു. എന്നിരുന്നാലും ടീമില്‍ അസ്വസ്തതകളുണ്ട്. ക്യാപ്റ്റന്റെ ഫോം മോശമാകുമ്പോള്‍ ടീമില്‍ അത് പ്രശ്നങ്ങളുണ്ടാക്കും- കപില്‍ പറഞ്ഞു.

2024-2025 സീസണില്‍ 15 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ നിന്ന് 10.93 എന്ന തുച്ഛമായ ശരാശരിയില്‍ 164 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. 2024 ഓഗസ്റ്റിന് ശേഷം അദ്ദേഹം ആദ്യമായി ഇംഗ്ലണ്ടിനെതിരെ ഏകദിന ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയ താരം അവിടെയും നിരാശപ്പെടുത്തി.

ചാമ്പ്യന്‍സ് ട്രോഫി ചക്രവാളത്തില്‍ നില്‍ക്കുമ്പോള്‍, രോഹിത്തിന്റെ മോശം ഫോം ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അടുത്ത രണ്ട് മത്സരങ്ങളില്‍ കളിച്ച് താരത്തിന് ഫോമിലേക്ക് തിരികെ എത്താനായില്ലെങ്കില്‍ അത് ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി സാധ്യതകളെ ബാധിക്കും.