ഐപിഎല്‍ അടക്കി ഭരിക്കാന്‍ പോകുന്നത് ഇന്ത്യന്‍ താരങ്ങളായിരിക്കില്ല, ആ വിദേശ താരമായിരിക്കും ഇനി രാജാവ്; പ്രവചനവുമായി ഷെയ്ന്‍ വാട്‌സണ്‍

യുവ ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റര്‍മാരായ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2023 സീസണില്‍ തങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ട് തീപാറിക്കുകയാണ്. 13 മത്സരങ്ങളില്‍ നിന്ന് 576 റണ്‍സുമായി ഗില്‍ ഓറഞ്ച് ക്യാപ്പ് റേസില്‍ രണ്ടാം സ്ഥാനത്തും രാജസ്ഥാന്‍ റോയല്‍സിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്ന 21 കാരനായ യശസ്വി 575 റണ്‍സുമായി മൂന്നാം സ്ഥാനത്തുമാണ്. ഈ രണ്ട് യുവാക്കളും അവരുടെ നിര്‍ഭയമായ ബാറ്റിംഗ് സമീപനങ്ങളാല്‍ എല്ലാവരേയും ആകര്‍ഷിച്ചു. കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റിലെയും ഐപിഎല്ലിലെയും വരാനിരിക്കുന്ന സൂപ്പര്‍ താരങ്ങളായി പലരും ഇവരെ വിശേഷിപ്പിക്കുകയും ചെയ്തു.

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് (2008), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (2018) എന്നിവര്‍ക്കൊപ്പം ഐപിഎല്‍ കിരീടങ്ങള്‍ നേടിയ ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണോട് ഐപിഎല്ലിലെ അടുത്ത വലിയ താരമാകാന്‍ പോകുന്ന ഒരു കളിക്കാരനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഈ ഇന്ത്യന്‍ താരങ്ങളെ മാറ്റിനിര്‍ത്തി. പകരം മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന 23 കാരനായ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ഐപിഎലിലെ അടുത്ത വലിയ കളിക്കാരനായി വാട്‌സണ്‍ തിരഞ്ഞെടുത്തു.

ഐപിഎല്‍ 2023ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹപരിശീലകനായ വാട്സണ്‍ പറയുന്നതനുസരിച്ച് ഐപിഎല്ലിലെ അടുത്ത വലിയ പേര് മുംബൈ താരം കാമറൂണ്‍ ഗ്രീനിന്റേതായിരിക്കും. ‘ഞാന്‍ കാമറൂണ്‍ ഗ്രീനിനെയാകും തിരഞ്ഞെടുക്കുക. അദ്ദേഹം ഇതിനകം തന്നെ ഐപിഎല്‍ രംഗത്തെ മികച്ച ആളാണ്. പക്ഷേ ഭാവിയില്‍ അദ്ദേഹം കൂടുതല്‍ മനസിനെ ത്രസിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു’ ജിയോ സിനിമയുടെ ഷോയില്‍ ഗ്രീനിനെ കുറിച്ച് സംസാരിക്കുമ്പോള്‍ വാട്സണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ 2023 മിനി ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 17.50 കോടി രൂപയ്ക്കാണ് ഗ്രീനിനെ വാങ്ങിയത്. അഞ്ച് തവണ ചാമ്പ്യന്മാര്‍ക്കായി ഇതുവരെ 13 മത്സരങ്ങളിലും കളിച്ചിട്ടുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം 40.14 ശരാശരിയിലും 146.35 സ്ട്രൈക്ക് റേറ്റിലും 281 റണ്‍സ് നേടിയിട്ടുണ്ട്.