രോഹിത്തിന് കിട്ടിയ പണി എനിക്കും കിട്ടിയിട്ടുണ്ട്, സ്വാഭാവികം, എന്നാല്‍ ഒരു പ്രശ്നമുണ്ട്; ചൂണ്ടിക്കാട്ടി യുവരാജ്

അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി ക്യാപ്റ്റനായി നിയമിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഈ ചര്‍ച്ചയിലേക്ക് കടന്നുവന്നിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം യുവരാജ് സിംഗ്. കളിക്കാരന് പ്രായമാകുമ്പോള്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ഫ്രാഞ്ചൈസികള്‍ യുവാക്കളെ തേടിപോകുമെന്നും യുവരാജ് പറഞ്ഞു. താനും ഇതേ സാഹചര്യം നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ അനുഭവപരിചയത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ എല്ലാം കഠിനമാണ്. ഓരോ ഫ്രാഞ്ചൈസിയും എപ്പോഴും ഒരു യുവ കളിക്കാരനെ പ്രോത്സാഹിപ്പിക്കാനാണ് നോക്കുന്നത്, അത് ന്യായമാണ്. ഞാനും ഈ സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ, അനുഭവപരിചയത്തിന് ഒന്നും പകരംവെക്കാനാവില്ല. രോഹിത്തിന് മികച്ച അനുഭവപരിചയമുണ്ട്- യുവരാജ് പറഞ്ഞു.

ആശിഷ് നെഹ്റ പരിശീലിപ്പിച്ച ടീമിനെ അടുപ്പിച്ച് രണ്ട് സീസണുകളില്‍ ഫൈനല്‍ വരെ നയിച്ചിട്ടും ഹാര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈയിലേക്ക് ട്രേഡ് ചെയ്തു. മുംബൈ അവസാനമായി ഒരു ഐപിഎല്‍ കിരീടം നേടിയത് 2020ലാണ്. വരാനിരിക്കുന്ന സീസണില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിച്ചതിനാലാവും ഈ നീക്കം.

2013 മുതല്‍ മുംബൈയെ നയിച്ചുവന്നത് രോഹിത് ശര്‍മ്മയായിരുന്നു. ഇതിഹാസ ഓപ്പണര്‍ എംഐയെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ചു. ഇത് അദ്ദേഹത്തെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായി മാറ്റി. ഈ റെക്കോര്‍ഡ് അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്സ് (സിഎസ്‌കെ) നായകന്‍ എംഎസ് ധോണിയുമായി പങ്കിടുന്നു.