മാന്‍ ഓഫ് ദ മാച്ചും സീരിയസും സര്‍പ്രൈസ്, ഇതിഹാസത്തിന്റെ ഉദയമെന്ന് ക്രിക്കറ്റ് ലോകം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ കൂടി ഇന്ത്യ വിജയിച്ചതോടെ പരമ്പര തൂത്തുവാരിയ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയെ പോലുളള ഒരു കരുത്തുറ്റ ടീമിനെ നിലംപരിശാക്കിയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യ ജയിച്ചത്.

പരമ്പര ഇത്ര അനായാസത്തോടെ നേടാന്‍ ടീം ഇന്ത്യയെ സഹായിച്ചതിന് പിന്നില്‍ ഒരാളുടെ സാന്നിദ്ധ്യമായിരുന്നു. അത് മാറ്റാരുമല്ല, ഓപ്പണാറായി ഇന്ത്യയ്ക്കായി അരങ്ങേറിയ രോഹിത്ത് ഗുരുനാഥ് ശര്‍മ്മയുടെ അവിശ്വസനീയ പ്രകടനമാണ് ടീം ഇന്ത്യയ്ക്ക് മൃഗീയ മേധാവിത്വം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമ്മാനിച്ചത്. മൂന്നാം ടെസ്റ്റിലെ താരവും പരമ്പരയിലെ താരവും രോഹിത്ത് ശര്‍മ്മ തന്നെയാണ്.

മൂന്ന് ടെസ്റ്റില്‍ നാല് ഇന്നിംഗ്‌സുകളില്‍ ബാറ്റേന്തിയ രോഹിത്ത് ഒരു ഡബിള്‍ ഉള്‍പ്പെടെ മൂന്ന് സെഞ്ച്വറികളാണ് അടിച്ച് കൂട്ടിയത്. ഓപ്പറായി അരങ്ങേറിയ ആദ്യ മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടി ഞെട്ടിച്ച രോഹിത്ത് മൂന്നാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചു. പരമ്പരയില്‍ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 515 റണ്‍സും രോഹിത്ത് വാരിക്കൂട്ടി.

കോഹ്ലി പോലും പലപ്പോഴും പരാജയപ്പെട്ടിടത്ത് ദക്ഷിണാഫ്രിക്ക വിയര്‍ത്തത് രോഹിത്ത് പുലര്‍ത്തിയ ഈ ആധിപത്യം കാരണമാണ്. ഇതോടെ ഏകദിനത്തിലും ടി20യിലും തന്റെ പ്രതിഭ ഇതിനോടകം തെളിച്ച രോഹിത്ത് ടെസ്റ്റിലും തനിയ്ക്ക് ചിലത് സാധിക്കുമെന്ന് തെളിച്ചു. ഇതിഹാസത്തിന്റെ ഉദയമെന്ന് ഈ പ്രകടനത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.