ടി-20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സിംബാവെയ്ക്കെതിരെ ഇന്ത്യ 72 റൺസിനാണ് വിജയിച്ചത്. ഇതോടെ സെമി പ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ് ഇന്ത്യ. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സിംബാവേ ടി 20 ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി ബാറ്റ് വീശിയ എല്ലാ താരങ്ങളും വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്.
നാളുകൾ ഏറെയായി മോശം പ്രകടനം നടത്തിയ അഭിഷേക് ശർമ്മ ശക്തമായ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. 30 പന്തിൽ 55 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. ഇപ്പോഴിതാ ടൂർണമെന്റിൽ തുടക്കം പാളിയപ്പോഴും കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും തന്നെ ചേര്‍ത്തുപിടിച്ചുവെന്ന് തുറന്നു പറഞ്ഞ് അഭിഷേക് ശര്‍മ.
‘ തുടക്കം ഞാൻ ആഗ്രഹിച്ചതുപോലെ ആയിരുന്നില്ല. ലോകകപ്പ് പോലെ വലിയൊരു വേദിയിൽ രാജ്യത്തിനായി ആദ്യമായി കളിക്കുമ്പോൾ മികച്ച തുടക്കം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ രണ്ട് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നത് വലിയ തിരിച്ചടിയായി. പക്ഷേ, ആ സമയത്തും കോച്ചും ക്യാപ്റ്റനും തനിക്ക് തന്ന പിന്തുണ വലുതാണ്’
Read more
‘നീ ഇനിയൊരു തവണ കൂടി പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും നീ തന്നെ ഓപ്പണറായി കളിക്കും. ടീമിനെ ജയിപ്പിക്കാൻ നിനക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നായിരുന്നു, തുടര്‍ച്ചായി മൂന്ന് ഡക്ക് അടിച്ചപ്പോള്‍ ക്യാപ്റ്റനും കോച്ചും എന്നോട് പറഞ്ഞത്. ഇതൊരു ടീം മാത്രമല്ല, ഒരു കുടുംബം പോലെയാണ് എനിക്ക് തോന്നിയത്. എല്ലാ താരങ്ങളും പരിശീലകരും ഞാൻ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ചു. ആ ഒരു പിന്തുണയാണ് എനിക്ക് വേണ്ടിയിരുന്നത്’അഭിഷേക് കൂട്ടിച്ചേർത്തു.







