2026 ഐപിഎൽ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മാർച്ച് 28ന് ആരംഭിക്കുന്ന ടൂർണമെന്റിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ ആർസിബി പ്രീസീസൺ ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു.
കഴിഞ്ഞ സീസൺ ചാമ്പ്യന്മാരായ ബെംഗളൂരുവിനു ഇത്തവണത്തെ ടൂർണമെന്റ് കഠിനമായിരിക്കും എന്ന് സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കോഹ്ലി. നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ ഇത്തവണ ടീമിന്റെ മേൽ അധികസമ്മർദ്ദം ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നിമിഷം പോലും പാഴാക്കാതെ കഠിന പരിശീലനം തുടരണമെന്നും കോഹ്‌ലി പറഞ്ഞു.
‘കഴിഞ്ഞ വർഷം നേടിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞ രണ്ടോ മൂന്നോ സീസണുകളിൽ നമ്മൾ ശരിക്കും കഠിനാധ്വാനം ചെയ്തു. എന്നാൽ ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി കഠിനമാകും. കാരണം മറ്റ് ടീമുകൾ നമ്മളെ ശക്തമായ രീതിയിലായിരിക്കും നേരിടാനൊരുങ്ങുന്നത്’, കോഹ്‌ലി പറഞ്ഞു.
Read more
‘ഈ ദിവസങ്ങൾ പാഴാക്കാതെ നമ്മൾ മുന്നോട്ട് തന്നെ പോകണം. അതുകൊണ്ടുതന്നെ ഇപ്പോൾ തന്നെ സ്വിച്ച് ഓൺ ചെയ്യുക. നമ്മൾ പങ്കെടുക്കുന്ന ഏതൊരു സെഷന്റെയും ഒരു മിനിറ്റ് പോലും പാഴാക്കരുത്. ഇനിയുള്ള രണ്ടര മാസത്തേക്ക് നമ്മുടെ 120 ശതമാനവും നമ്മൾ നൽകണം’, കോഹ്‌ലി കൂട്ടിച്ചേർത്തു.







