ഉള്ളത് പറയാമല്ലോ ആ താരത്തെ പരിശീലിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യം, എനിക്കത് ബുദ്ധിമുട്ടാണ്: രാഹുൽ ദ്രാവിഡ്

ജൂനിയർ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന മകൻ സമിത്തിനെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അടുത്തിടെ പങ്കുവെച്ചിരുന്നു. കൂച്ച് ബെഹാർ ട്രോഫിയിൽ കർണാടകയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് 18 കാരനായ ദ്രാവിഡിന്റെ മകൻ.

ഓൾറൗണ്ടർ 7 കളികളിൽ നിന്ന് 37.78 ശരാശരിയിൽ 370 റൺസും മൂന്ന് അർധസെഞ്ചുറികളും നേടി. മൂന്ന് വിക്കറ്റുകൾ നേടി ബോളിങ്ങിലും താരം തിളങ്ങി. രക്ഷിതാവും പരിശീലകനുമാകാൻ ബുദ്ധിമുട്ടുള്ളതിനാൽ മകനെ പരിശീലിപ്പിക്കുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു. “രണ്ട് വേഷങ്ങൾ (പിതാവും പരിശീലകനും) ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതിനാൽ ഞാൻ എന്റെ മകൻ സമിത്തിനെ പരിശീലിപ്പിക്കുന്നില്ല. ഒരു പിതാവായതിൽ ഞാൻ സന്തോഷവാനാണ്. പരിശീലകൻ എന്ന നിലയിൽ ഞാൻ എന്താണ് ചെയ്യേണ്ടത് എന്നെനിക്ക് അറിയില്ല” രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഇന്ത്യൻ ടീമിൽ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻമാരുടെ തകർപ്പൻ പ്രകടനത്തെക്കുറിച്ചും ദ്രാവിഡ് പ്രതികരിച്ചു. യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, തിലക് വർമ്മ എന്നിവർ ഈ കാലഘട്ടത്തിൽ കൈവരിച്ച പുരോഗതിയെയും ദ്രാവിഡ് പുകഴ്ത്തി. “റിങ്കു, ജയ്‌സ്വാൾ, തിലക് എന്നിവരെപ്പോലുള്ള കളിക്കാർ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ടീമിന്റെ ഭാഗമാകാൻ സ്ഥിരത പുലർത്തേണ്ടതുണ്ട്. ഒരു ഇടംകൈയ്യൻ ആകുക എന്നത് മാത്രമല്ല മാനദണ്ഡം,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. സ്‌ക്വാഡിനെ രോഹിത് ശർമ്മ നയിക്കും. വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്. വെറ്ററൻമാരായ രവിചന്ദ്രൻ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും നേതൃത്വത്തിലാണ് സ്പിൻ ഡിപ്പാർട്ട്മെന്റ്. പേസ് ഡിപ്പാർട്ട്മെന്റിൽ ജസ്പ്രീത് ബുംറ ആയിരിക്കും ലീഡർ. ലോകകപ്പ് ഹീറോ മുഹമ്മദ് ഷമി ആദ്യ രണ്ട് മത്സരങ്ങൾക്കില്ല. പരിക്കിൽ നിന്ന് മോചിതനാകാത്തതിനാലാണ് ഷമിയെ ഉൾപ്പെടുത്താത്തത്.