ടീമിനെ പ്രതിസന്ധിയിൽ താങ്ങി നിർത്തുന്നത് ധോണിയോ ഋതുരാജോ ഒന്നും അല്ല, അവനാണ് ടീമിന്റെ പ്രധാന ശക്തി; ചെന്നൈ താരത്തെക്കുറിച്ച് അമ്പാട്ടി റായിഡു

ഐപിഎല്ലിൽ ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പർ ജയൻറ്സിന് എട്ട് വിക്കറ്റിൻറെ തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു . ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 177 റൺസിൻറെ വിജയലക്ഷ്യം ക്യാപ്റ്റൻ കെ എൽ രാഹുലിൻറെയും ഓപ്പണർ ക്വിൻറൺ ഡി കോക്കിൻറെയും അർധസെഞ്ചുറികളുടെ മികവിൽ ലഖ്നൗ 19 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുക ആയിരുന്നു.

ചെംനൈയേ സംബന്ധിച്ച് അവർ ഈ സീസണിൽ നടത്തിയ ഏറ്റവും മോശം പ്രകടനമായിരുന്നു ഇന്നലത്തെ മത്സരത്തിൽ പിറന്നതെന്ന് യാതൊരു സംശയം കൂടാതെ പറയും. സ്ലോ ട്രാക്കിൽ ചെന്നൈ ബാറ്റർമാർ ശരിക്കും റൺ കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ അവർക്ക് തുണ ആയത് രവീന്ദ്ര ജഡേജയുടെ അർദ്ധ സെഞ്ച്വറി പ്രകടനവും എംഎസ് ധോണിയുടെ അവസാന നിമിഷ ബാറ്റിംഗ് വെടിക്കെട്ടുമാണ്. സ്ഥാനക്കയറ്റം കിട്ടി നാലാം നമ്പറിൽ ബാറ്റുചെയ്ത ജഡേജ 40 പന്തിൽ 57 റൺസ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ച ജഡേജയെ അഭിനന്ദിച്ച് വന്നിരിക്കുകയാണ് മുൻ ചെന്നൈ താരം അമ്പാട്ടി റായിഡു.

“വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് ടീമിനെ എപ്പോഴും രക്ഷപ്പെടുത്തുന്ന ഒരേയൊരു സിഎസ്‌കെ ക്രിക്കറ്റ് കളിക്കാരൻ അദ്ദേഹമാണ്. നിങ്ങൾ അവൻ്റെ ബാറ്റിംഗ് ഓർഡർ മാറ്റിയാൽ, അവൻ അത് സന്തോഷത്തോടെ സ്വീകരിക്കും. ലഖ്‌നൗവിനെതിരെ അദ്ദേഹം കളിച്ച രീതി അസാമാന്യമായിരുന്നു. ടീം പ്രതിസന്ധിയിലായപ്പോൾ അദ്ദേഹം ബാറ്റിംഗിന് ഇറങ്ങി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.”

“അദ്ദേഹം ബാറ്റിൽ ഗംഭീരനായിരുന്നു, ബൗളർമാർക്ക് മേധാവിത്വം ഉണ്ടായിരുന്ന പിച്ചിൽ ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത് അദ്ദേഹത്തിൻ്റെ ബാറ്റിംഗാണ്. ബാറ്റ് ചെയ്യുന്നത് എളുപ്പമായിരുന്നില്ല, പക്ഷേ അദ്ദേഹം തളരാതെ അവസാനം വരെ തുടർന്നു. വർഷങ്ങളായി അദ്ദേഹം ഇത് ചെയ്യുന്നു. എംഎസ് ധോണിക്ക് ശേഷം ഫ്രാഞ്ചൈസിയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ താരമാണ് അദ്ദേഹം. 2023-ൽ സിഎസ്‌കെക്ക് വേണ്ടി അദ്ദേഹം കളിച്ച ഇന്നിങ്‌സാണ് ടീമിന് കിരീടം സമ്മാനിച്ചത് ”അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ലക്നൗ മറുപടിയിൽ രാഹുൽ 53 പന്തിൽ 82 റൺസടിച്ചപ്പോൾ ഡി കോക്ക് 43 പന്തിൽ 54 റൺസെടുത്ത് പുറത്തായി. നിക്കോളാസ് പുരാൻ 11പന്തിൽ 19 റൺസുമായും മാർക്കസ് സ്റ്റോയ്നിസ് 8 റൺസുമായും പുറത്താകാതെ നിന്നു