ഈ സ്ട്രാറ്റജിയിൽ കളിച്ചതു കൊണ്ട് തന്നെയാണ് ഏകദിനത്തിൽ, മറ്റെല്ലാ പ്രധാനപ്പെട്ട രാജ്യങ്ങൾക്കും ശേഷം ഏറ്റവും അവസാനം ഇന്ത്യ 300 കടന്നത്, സഞ്ജുവിന് വേണ്ടി ഇനി പലരും ശബ്‌ദിക്കും

40 ഓവറിൽ 250 റൺസ്. ഈ ലക്‌ഷ്യം 25 വര്ഷം മുൻപ് നടന്ന മറ്റൊരു ഇന്ത്യ-സൗത്ത് ആഫ്രിക്ക മത്സരത്തിന്റെ ഓർമകളിലേക്ക് എന്നെ കൊണ്ടുപോയി . 1997 ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കൻ സീരീസിലെ ത്രിരാഷ്ട്ര ടൂർണമെന്റ് ഫൈനലിൽ മഴ കാരണം ടാർഗറ്റ് റിവൈസ് ചെയ്തപ്പോൾ, ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നതും 40 ഓവറിൽ 251 റൺസ്.

ആ ടൂർണമെന്റിൽ സിംബാബ്‌വെക്കെതിരെ നേടിയ സെഞ്ചുറി ഒഴിച്ച് മറ്റെല്ലാ കളികളിലും ഫോം ഔട്ട് ആയിരുന്ന സച്ചിൻ നൽകിയ വെടിക്കെട്ട് തുടക്കവും ആ മൊമന്റം നില നിർത്തിക്കൊണ്ട് മുന്നോട്ട് പോയ ദ്രാവിഡ്- അസർ പാർട്ണർഷിപ്പും എല്ലാം മനസിലേക്ക് കടന്നു വന്നു. അത്തരമൊരു പ്രകടനമാണ് ഇന്ത്യൻ കളിക്കാരിൽ നിന്ന് ഇന്നലെ ഞാൻ പ്രതീക്ഷിച്ചത്.

പക്ഷെ….. ക്രിക്കറ്റ് തന്നെ വെറുത്തു പോകുന്ന രീതിയിലുള്ള ഇന്നിങ്‌സുകളാണ് ഇന്ത്യയുടെ ആദ്യ നാലു ബാറ്റർമാരിൽ നിന്നും ഉണ്ടായത്. 10 ഓവറിൽ 24 / 2. 15 ഓവറിൽ 45 / 2. ഇങ്ങനെ ഒച്ചിഴയും വേഗത്തിലാണ് ഇന്ത്യ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. ധവാൻ, ഋതുരാജ് ഗെയ്ക്‌വാദ്. ഇഷാൻ കിഷൻ എന്നീ പേര് കേട്ട സ്റ്റൈലിഷ് കളിക്കാർക്ക് എന്താണ് ഇന്നലെ സംഭവിച്ചതെന്ന് മനസിലാകുന്നില്ല. ആദ്യ പകുതിയിൽ വിക്കറ്റ് സംരക്ഷിച്ച് അവസാനം ആഞ്ഞടിക്കുക എന്ന പഴയ കാല സ്ട്രാറ്റജിയിലേക്ക് ഇന്ത്യ തിരിച്ചു പോകുകയാണോ. അതോ ഇന്ത്യൻ ജയത്തേക്കാൾ ഉപരി, കിട്ടിയ അവസരം ഉപയോഗപ്പെടുത്തി ഒരു ഫിഫ്‌റ്റിയോ സെഞ്ചുറിയോ അടിച്ച് ടീമിൽ തന്റെ സ്ഥാനം നിലനിർത്തുക എന്ന ഉദ്ദേശ്യമായിരുന്നോ അവർക്ക്.

പണ്ട് ആ സ്ട്രാറ്റജിയിൽ കളിച്ചതു കൊണ്ട് തന്നെയാണ് ഏകദിനത്തിൽ, മറ്റെല്ലാ പ്രധാനപ്പെട്ട രാജ്യങ്ങൾക്കും ശേഷം ഏറ്റവും അവസാനം 300+ സ്കോർ കടന്ന ടീം എന്ന മോശം പേര് ഇന്ത്യക്കുള്ളത്. സഞ്ജു നിന്റെ ഇന്നിംഗ്‌സിനെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. മറ്റുള്ളവർ അങ്ങനെ കളിച്ചതു കൊണ്ട് സഞ്ജുവിന് തന്റെ കഴിവ് തെളിയിക്കാൻ അവസരം കിട്ടി എന്ന ഒറ്റക്കാരണത്താൽ അവരോട് നമുക്ക് ക്ഷമിക്കാം. എന്തൊരു ഭംഗിയാണ് സഞ്ജു മിഡ് വിക്കറ്റിലേക്ക് പറത്തുന്ന സിക്സറുകൾക്ക് കിട്ടിയ അവസരങ്ങളിൽ തന്റെ പ്രതിഭക്കൊത്ത പ്രകടനം സഞ്ജു നടത്തുന്നില്ല എന്ന് സഞ്ജുവിന് മേൽ പരാതി ഉന്നയിച്ചവരുടെ കൂട്ടത്തിൽ ഉള്ള ഒരാളാണ് ഞാൻ.

വെസ്റ്റ് ഇൻഡീസിനെതിരെയും അയര്ലണ്ടിനെതിരെയും നേടിയ അർദ്ധ സെഞ്ചുറികൾ എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. മികച്ച ടീമിനെതിരെ ഒരു മികച്ച ഇന്നിംഗ്സ്. അതിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ആ കാത്തിരിപ്പിനാണ് ഇന്നലെ അവസാനമായത്. ഇനി നിന്നെ ഇന്ത്യൻ ടീമിൽ പരിഗണിക്കാത്തതിൽ മുറവിളി കൂട്ടുന്നവരുടെ ഒപ്പം ഞാനുമുണ്ടാകും.

അത്രമാത്രം മികച്ച ഇന്നിങ്സ് ആയിരുന്നു ഇന്നലത്തേത്. അപ്രാപ്യമെന്ന് ഓരോ ഘട്ടത്തിലും തോന്നിപ്പിച്ച ലക്ഷ്യത്തിലേക്ക് കാല്കുലേറ്റ് ചെയ്ത് മുന്നേറിയ ഇന്നിംഗ്സ്. 39 ആം ഓവർ ആവേഷ് ഖാൻ കൊണ്ട് കളഞ്ഞില്ലായിരുന്നെങ്കിൽ തീർച്ചയായും സഞ്ജുവിന് ഇന്ത്യയെ വിജയത്തിൽ എത്തിക്കാൻ ആകുമായിരുന്നു.

ശ്രേയസ് അയ്യരുടെയും താക്കൂറിന്റെയും ഇന്നിങ്‌സുകളെയും നമുക്ക് മറക്കാൻ ആവില്ല. താക്കൂറിന്റെ ഓൾ റൌണ്ട് എബിലിറ്റിയെ വേണ്ട രീതിയിൽ ഇപ്പോഴും ഇന്ത്യ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്. താക്കൂർ ഔട്ട് ആയിരുന്നില്ലെങ്കിൽ തീർച്ചയായും സഞ്ജുവിന്റെ തോളിലേറി ഇന്ത്യൻ വിജയതീരത്ത് എത്തിയേനെ..