ലേശം ബഹുമാനം, അതുപോലും ഇഷാന്‍ കാണിച്ചില്ല; മുന്‍ കോച്ച് പറയുന്നു

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ പ്രകടനത്തെ പ്രശംസിച്ച് വിരാട് കോഹ്‌ലിയുടെ ആദ്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. ബംഗ്ലാദേശിന്റെ ഒരു ബോളര്‍ക്കും അല്‍പ്പം പോലും ബഹുമാനം ഇഷാന്‍ നല്‍കിയില്ലെന്നും അള്‍ട്രാ അറ്റാക്കിംഗ് ഇന്നിങ്സായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ഇഷാന്‍ കിഷന്‍ ഈ മല്‍സരത്തില്‍ കളിച്ചത് അള്‍ട്രാ അറ്റാക്കിംഗ് ഇന്നിങ്സായിരുന്നു. ബംഗ്ലാദേശിന്റെ ഒരു ബോളറെയും ബഹുമാനിക്കാതെയാണ് അവന്‍ തലങ്ങും വിലങ്ങും ഷോട്ടുകള്‍ കളിച്ചത്. ഏതു ബോളറെയും നേരിടാന്‍ തയ്യാറാണെന്നു കാണിച്ചുതന്ന ഇഷാന്‍ തന്റെ വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ നിര്‍ഭയനായി തന്നെ കളിക്കുകയും ചെയ്തു.

ഇഷാന്‍ കിഷന്റെ ഇന്നിംഗ്സ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ദീര്‍ഘകാലം ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. കാരണം ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ സ്വന്തം സ്ഥാനം പോലും അവന്‍ ഉറപ്പിച്ചിട്ടില്ല. എന്നിട്ടും തന്റെ ഷോട്ടുകള്‍ കളിച്ചത് ഇഷാന്റെ ധൈര്യമാണ് തെളിയിക്കുന്നത്- രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

വെറും 131 ബോളുകളില്‍ നിന്നായിരുന്നു ഇഷാന്‍ 210 റണ്‍സ് അടിച്ചെടുത്തത്. 24 ബൗണ്ടറികളും 10 സിക്സറുകളും ഇതിലുള്‍പ്പെടും. ഏകദിനത്തിലെ ഏറ്റവും വേഗമേറിയതും ഒരു ഇന്ത്യക്കാരന്റെ ആറാമത്തെ ഇരട്ട സെഞ്ച്വറിയുമാണ് ഇഷാന്‍ നേടിയത്.