ഐ.പി.എല്‍ ന്യൂസിലന്‍ഡിന് കൊടുത്തത് എട്ടിന്‍റെ പണി; ലോക.കപ്പ് സാദ്ധ്യതകള്‍ തന്നെ അവതാളത്തില്‍

ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് പറയുന്നതനുസരിച്ച്, ഐപിഎല്‍ മത്സരത്തിനിടെ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

മാര്‍ച്ച് 31 ന് ഗുജറാത്ത് ടൈറ്റന്‍സും (ജിടി) ചെന്നൈ സൂപ്പര്‍ കിംഗ്സും (സിഎസ്‌കെ) തമ്മിലുള്ള ഐപിഎല്‍ 2023 സീസണ്‍ ഉദ്ഘാടന മത്സരത്തിനിടെയാണ് വില്യംസണിന് പരിക്കേറ്റത്. ബൗണ്ടറി ലൈനില്‍ സാഹസിക സേവിംഗിന് ശ്രമിക്കെയായിരുന്നു പരിക്ക്. തുടര്‍ന്ന് ഉടന്‍ തന്നെ മൈതാനം വിട്ട താരം അടുത്ത ദിവസം തന്നെ ഐപിഎല്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇത്തരമൊരു പരിക്ക് നിരാശാജനകമാണെന്നും പക്ഷേ ഇപ്പോള്‍ തന്റെ ശ്രദ്ധ സര്‍ജറിയും പുനരധിവാസവും ആരംഭിക്കുന്നതിലാണെന്നും വില്യംസണ്‍ പ്രതികരിച്ചു.
‘ഇതിന് കുറച്ച് സമയമെടുക്കും, പക്ഷേ എത്രയും വേഗം മൈതാനത്ത് തിരിച്ചെത്താന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. അടുത്ത കുറച്ച് മാസങ്ങളില്‍ ഗാരിയെയും ടീമിനെയും പിന്തുണയ്ക്കാന്‍ കഴിയുന്നത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

വില്യംസണിന്റെ അഭാവം ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ സാദ്ധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാകും. 10 കളികളില്‍ നിന്ന് 578 റണ്‍സുമായി 2019 ഏകദിന ലോകകപ്പില്‍ അവരുടെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ താരം, കിവീസ് റണ്ണേഴ്സ് അപ്പായ ടൂണ്‍ണമെന്റില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡും നേടിയിരുന്നു.