IPL 2025: നിങ്ങൾ ഒകെ റെസ്റ്റ് എടുത്ത് ഇരിക്ക്, ഞങ്ങൾ പരിശീലനം തുടങ്ങി വീണ്ടും സെറ്റ് എടുക്കട്ടെ; കൈയടി നേടി ഗുജറാത്ത് ടൈറ്റൻസ്

ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണ ആയതിന് ശേഷം പരിശീലനം പുനരാരംഭിക്കുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ് മാറി. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീം ഞായറാഴ്ച (മെയ് 11) വൈകുന്നേരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പരിശീലനം തുടങ്ങി.

ഐപിഎൽ 2025 (ഇന്ത്യൻ പ്രീമിയർ ലീഗ്) നോക്കിയാൽ, ഇതുവരെയുള്ള 11 മത്സരങ്ങളിൽ എട്ടെണ്ണം ജയിച്ച് ജിടി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. +0.793 എന്ന നെറ്റ് റൺ റേറ്റ് അവർക്കുണ്ട്. അവസാന അഞ്ച് മത്സരങ്ങളിൽ നാലെണ്ണം ഗില്ലും ടീമും വിജയിച്ചു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച ആരംഭിക്കാൻ സാധ്യതയുള്ള ടൂർണമെന്റിന് ഒരുങ്ങാൻ ബിസിസിഐ ടീമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് പരിശീലനത്തിൽ, ജോസ് ബട്ട്‌ലറും ജെറാൾഡ് കോറ്റ്‌സിയും ഒഴികെയുള്ള മുഴുവൻ സ്‌ക്വാഡും പരിശീലന സെഷനിൽ പങ്കെടുത്തു.

“അതെ, ഞങ്ങൾ പരിശീലനം ആരംഭിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഞങ്ങൾ കുതിപ്പിന് തയാറാണ്. ജോസും ജെറാൾഡും മാത്രമേ ഇല്ലാത്തത് ഉള്ളു. പക്ഷേ ആവശ്യാനുസരണം അവർ തിരിച്ചുവരും,” ജിടിയുടെ ഒരു സ്റ്റാഫ് പറഞ്ഞു.

ഈ സീസണിൽ ഗുജറാത്ത് താരങ്ങൾ പലരും മികച്ച ഫോമിലാണ് എന്നത് ശ്രദ്ധേയമാണ്. നിലവിൾ, സീസണിലെ ഏറ്റവും മികച്ച ടോപ് 5 റൺ വേട്ടക്കാരിൽ സായ് സുദർശൻ, ഗിൽ, ബട്ട്‌ലർ എന്നീ മൂന്ന് ബാറ്റ്‌സ്മാൻമാരുണ്ട്. പർപ്പിൾ ക്യാപ്പിനായുള്ള മത്സരത്തിൽ, പ്രസീദ് കൃഷ്ണ 11 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകൾ നേടി മുന്നിലാണ്. മുഹമ്മദ് സിറാജ് (11 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ), സായ് കിഷോർ (11 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ) എന്നിവരും മികവ് കാണിക്കുന്നു.