IPL 2025: ഇത്തവണ കിരീടം തലയും പിള്ളേരും തന്നെ പൊക്കും, ടീം ഡബിൾ അല്ല ട്രിപ്പിൾ സ്ട്രോങ്ങ്; കപ്പ് നേടാൻ സഹായിക്കുന്ന ഘടകങ്ങൾ നോക്കാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ 2024 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിൽ വലിയ പ്രതീക്ഷകളോടെയാണ് ഈ സീസണിന് ഇറങ്ങുന്നത്. അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ സിഎസ്‌കെ ആറാമത്തെ കിരീടം ലക്ഷ്യമിടുന്നു, ഈ സീസണിൽ അവർക്ക് ആ ലക്ഷ്യം നേടാൻ കഴിയുമെന്ന് കരുതപ്പെടുന്നു.

പുതിയ താരങ്ങൾ ധാരാളം എത്തിയ സാഹചര്യത്തിൽ തങ്ങളുടെ ശക്തി കാണിക്കാനാണന് സിഎസ്‌കെ ആഗ്രഹിക്കുന്നത്. നിരവധി കളിക്കാരെ ഒഴിവാക്കിയ ചെന്നൈ മികച്ച ടീമിനെ തന്നെ ഒരുക്കിയിട്ടുണ്ട് . ലേലത്തിന് മുമ്പ്, എംഎസ് ധോണി, ശിവം ദുബെ, ഋതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരണ എന്നീ അഞ്ച് കളിക്കാരെ സിഎസ്‌കെ നിലനിർത്തി.

മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ തിരിച്ചുവരവാണ് സിഎസ്‌കെയുടെ പ്രധാന ചർച്ചാ വിഷയം. പത്ത് വർഷത്തിന് ശേഷം അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അശ്വിനും ജഡേജയും രചിൻ രവീന്ദ്രയും അതോടൊപ്പം ഈ സീസണിൽ ടീമിലെത്തിച്ച അഫ്ഗാൻ താരം നൂർ അഹമ്മദും കൂടി വരുന്നതോടെ ഏറ്റവും മികച്ച സ്പിൻ അറ്റാക്ക് ആയി ടീം മാറുന്നു.

എന്തായാലും ചെന്നൈ കിരീടം നേടുമെന്ന് പറയാനുള്ള കാരണങ്ങൾ നോക്കാം:

1 മികച്ച സ്പിൻ അറ്റാക്ക്– ഏറ്റവും മികച്ച സ്പിൻ അറ്റാക്ക് ആണ് ചെന്നൈക്ക് ഉള്ളത്. അതിനാൽ തന്നെ ചെന്നൈയിൽ നടക്കുന്ന മത്സരങ്ങളിൽ ടീമിന് അത് ആധിപത്യം നൽകുന്നു. അശ്വിനും ജഡേജയും അവരെ സഹായിക്കാൻ നൂറും രചിനും ഇത് ആരും മോഹിക്കുന്ന സ്പിൻ സംഘമാക്കി മാറ്റുന്നു. വിക്കറ്റ് എടുക്കാനും പിശുക്ക് കാണിക്കാനും ഉള്ള ഇവരുടെ മികവാണ് ടീമിനെ സന്തോഷിപ്പിക്കുന്ന ഘടകം.

2 പേസ് അറ്റാക്കും ശക്തം

സ്പിൻ മാത്രമല്ല പേസ് വിഭാഗവും ടീമിന് ശക്തി തന്നെയാണ്. ഇന്ത്യയുടെ ഖലീൽ അഹമ്മദിനൊപ്പം ശ്രീലങ്കയുടെ പതിരണയും പേസ് ബൗളറായി തുടരുന്നു. ഇംപാക്റ്റ് പ്ലെയറായ അൻഷുൽ കംബോജിന് മൂന്നാം പേസറാകാം. ആവശ്യമെങ്കിൽ സി‌എസ്‌കെക്ക് മുകേഷ് ചൗധരിയെയും ഉപയോഗിക്കാം.

ഇത് കൂടാതെ ജാമി ഓവർട്ടണും ടീമിലുണ്ട്. ഇനി അതും പോരെങ്കിൽ നഥാൻ എല്ലിസിനെ ഉപയോഗപ്പെടുത്താം.

3 . ടോപ് ത്രി സൂപ്പർ– സി‌എസ്‌കെയുടെ ബാറ്റിംഗിലെ മുൻനിര മൂന്ന് താരങ്ങൾ മികച്ചവരാണ്. റുതുരാജും കോൺവേയും ബാറ്റിംഗ് ഓപ്പണർമാരാകും. ഇരുവരും കഴിഞ്ഞ സീസണിൽ ഒകെ മികവ് കാണിച്ചിട്ടുണ്ട്. രണ്ട് കളിക്കാരും വളരെയധികം പരിചയസമ്പന്നരും ഒരുമിച്ച് ബാറ്റിംഗ് ആസ്വദിക്കുന്നവരുമാണ്. മൂന്നാം നമ്പറിൽ രവീന്ദ്രയുടെ സാന്നിധ്യം ബാറ്റിംഗിനെ മെച്ചപ്പെടുത്തുന്നു. ഐ‌സി‌സി ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും വിലയേറിയ കളിക്കാരനുള്ള അവാർഡ് അദ്ദേഹം നേടിയിരുന്നു.

നാലാം നമ്പറിൽ രാഹുൽ ത്രിപാഠി കൂടി എത്തുന്നതോടെ ചെന്നൈയുടെ ടോപ് ഓർഡർ സെറ്റ് ആണ്.

4 . ഫിനിഷർമാർ കിടിലം – ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരെ ഫിനിഷിംഗ് ചുമതല സി‌എസ്‌കെ ഏൽപ്പിക്കാൻ സാധ്യതയുണ്ട്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ഇവർ ആണ് ഇറങ്ങുക . സ്കോർകാർഡ് മുന്നോട്ട് കൊണ്ടുപോകുക മാത്രമല്ല, മത്സരങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്നത് ഈ രണ്ടുപേരുമാണ്.

എന്നിരുന്നാലും, ഇവിടെ പ്രധാന ഘടകം ധോണിയാണ്. കഴിഞ്ഞ സീസണിൽ ധോണി 73 പന്തുകൾ മാത്രമാണ് നേരിട്ടത്. എന്നിരുന്നാലും, അദ്ദേഹം 220-ലധികം സ്ട്രൈക്ക് റേറ്റിലാണ് കളിച്ചത്. ധോണിക്ക് ശേഷം എട്ടാം നമ്പറിൽ സാം കരൺ കൂടി വരുന്നതോടെ ഫിനിഷും സെറ്റ്.

എന്തായാലും കഴിഞ്ഞ സീസണിൽ ഉണ്ടായ ക്ഷീണം തീർക്കാനാണ് ചെന്നൈയുടെ ശ്രമം.