GT VS SRH: ഇന്ന് ഞാന്‍ നാളെ നീ, ഹായ് കൊളളാലോ കളി, സൂര്യകുമാറിനെ രണ്ടാമതാക്കി വീണ്ടും സായി സുദര്‍ശന്‍, പൊളിച്ചെന്ന് ആരാധകര്‍

ഐപിഎല്‍ 2025ല്‍ ഓറഞ്ച് ക്യാപ്പിനായി വലിയ മത്സരമാണ് ബാറ്റര്‍മാര്‍ക്കിടയില്‍ നടക്കുന്നത്. രാജസ്ഥാനെതിരായ മത്സരത്തില്‍ സായി സുദര്‍ശനെ മറികടന്ന് മുംബൈയുടെ സൂര്യകുമാര്‍ യാദവ് ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ആര്‍ആറിനെതിരെ 48 റണ്‍സെടുത്തോടെയാണ് സൂര്യയ്ക്ക് ഓറഞ്ച് ക്യാപ്പ് ലഭിച്ചത്. എന്നാല്‍ ഒരു ദിവസത്തെ ആയുസ് മാത്രമാണ് ഇതിനുണ്ടായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തില്‍ 48 റണ്‍സെടുത്ത് സായി സുദര്‍ശനാണ് സൂര്യകുമാര്‍ യാദവിനെ മറികടന്ന് ഓറഞ്ച് ക്യാപ്പ് തിരിച്ചെടുത്തത്.

ഇന്നത്തെ ഇന്നിങ്‌സോടെ ഈ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി 504 റണ്‍സാണ് സായി നേടിയത്. 11 കളികളില്‍ നിന്നും 475 റണ്‍സോടെ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്തും 10 മത്സരങ്ങളില്‍ നിന്നും 443 റണ്‍സോടെ വിരാട് കോഹ്‌ലി മൂന്നാമതും നില്‍ക്കുന്നു. ഓറഞ്ച് ക്യാപ്പിനായുളള മത്സരത്തില്‍ ഇവര്‍ക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാളും ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്‌ലറും തൊട്ടുപിന്നാലെയുണ്ട്.

ഇന്നത്തെ കളിയില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനായി ഓപ്പണിങ്ങില്‍ ഇറങ്ങിയ ഗില്ലും സുദര്‍ശനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേ ഓവറുകളില്‍ കരുതലോടെ ഇരുവരും കളിച്ചതോടെ സായി സുദര്‍ശന്‍ പുറത്താവുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ 6.5 ഓവറില്‍ 87 റണ്‍സിലെത്തിയിരുന്നു. നിലവില്‍ 14 ഓവറില്‍ രണ്ട് വിക്കറ്റിന് 155 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത് ടൈറ്റന്‍സ്‌.

Read more