IPL 2025: ധോണിയുടെ ഫാൻസ്‌ മാത്രമാണ് യഥാർത്ഥത്തിൽ ഉള്ളത്, ബാക്കിയുള്ളവർ വെറും ഫേക്ക് ആണ്; കോഹ്‍ലിയെയും ആർസിബി ആരാധകരെയും കളിയാക്കി ഹർഭജൻ സിങ്

എം.എസ്. ധോണിയുടെ ആരാധകവൃന്ദത്തെ പിന്തുണച്ചും മറ്റുള്ള ടീമിന്റെ ആരാധകരെ കളിയാക്കിയും മുൻ ഇന്ത്യൻ സ്പിന്നറും കമന്റേറ്ററുമായ ഹർഭജൻ സിംഗ് നടത്തിയ ഞെട്ടിക്കുന്ന പരാമർശം സോഷ്യൽ മീഡിയയിൽ വൻ വിവാദമായി മാറിയിരിക്കുകയാണ്. വിരാട് കോഹ്‌ലിയുടെയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) ആരാധകരെയുമാണ് ഹർഭജൻ ലക്‌ഷ്യം വെച്ചത് എന്നാണ് പറയുന്നത്.

ധോണിയുടെ ലോകമെമ്പാടുമുള്ള വലിയ ആരാധകവൃന്ദത്തെയും പ്രശംസിച്ച ഹർഭജൻ സിംഗ്, “എം.എസ്. ധോണിക്ക് മാത്രമേ യഥാർത്ഥ ആരാധകരുള്ളൂ; ബാക്കിയുള്ളവർ പണം കൊടുത്തു ആരാധകരെ ഉണ്ടാക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് വിവാദം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് വിരാട് കോഹ്‌ലിയുടെയും ആർ‌സി‌ബിയുടെയും ആരാധകർക്കിടയിൽ രോഷം പടർത്തി.

2025 ലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആർസിബിയുടെ മത്സരത്തിനിടെയാണ് മുൻ ഇന്ത്യൻ സ്പിന്നർ വിവാദ പരാമർശം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോഹ്‌ലിക്ക് ആദരവ് അർപ്പിക്കാൻ ആളുകൾ സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തുക ആയിരുന്നു. അവർ എല്ലാം വെള്ള ജേഴ്സി ധരിച്ചാണ് സ്റ്റേഡിയത്തിൽ എത്തിയത്.

“യഥാർത്ഥ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരൻ ധോണിയാണ്. ബാക്കിയുള്ള ആരാധകർ പണം കിട്ടിയിട്ടാണ് വരുന്നത്.” ധോണിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു : “നിങ്ങൾക്ക് ഊർജ്ജം ശേഷിക്കുന്നിടത്തോളം കാലം കളിക്കൂ, ഭായ്. എന്റെ ടീമായിരുന്നെങ്കിൽ ഞാൻ വ്യത്യസ്തമായ ഒരു തീരുമാനം എടുക്കുമായിരുന്നു. ലളിതമാണ്: ആരാധകർ എപ്പോഴും അദ്ദേഹം കളിക്കണമെന്ന് ആഗ്രഹിക്കും, കാരണം അവർ അദ്ദേഹത്തിന്റെ യഥാർത്ഥ ആരാധകരാണ്. എം.എസ്. ധോണിക്ക് ഏറ്റവും വലിയതും യഥാർത്ഥവുമായ ആരാധകരുണ്ടെന്ന് എനിക്ക് തോന്നുന്നു.

“ബാക്കിയുള്ളവർ കെട്ടിച്ചമച്ചവരാണ്. ഇക്കാലത്ത്, സോഷ്യൽ മീഡിയയുടെ പകുതിയും പണം നൽകിയുള്ള പ്രമോഷനുകളിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ധോണിയുടെയും സി‌എസ്‌കെയുടെയും ആരാധകർ യഥാർത്ഥരും വിശ്വസ്തരുമാണ്. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം, അവർ ഒകെ ഫേക്ക് ആരാധകരാണ്” ഭാജി പറഞ്ഞു`.

ഇതിനെതിരെ നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്.

Read more