IPL 2024: കോഹ്‌ലിക്ക് മാർക്ക് ചെയ്യാൻ പറ്റാത്ത ഏത് ഗ്രൗണ്ടാടാ ഇന്ത്യയിൽ ഉള്ളത്, സഞ്ജുവിനും പിള്ളേർക്കും മുന്നിൽ കിങ്ങിന്റെ മാസ്; അയാൾ ഇല്ലെങ്കിൽ ഈ ടീം ഇല്ല

കോഹ്‌ലി ഇല്ലെങ്കിൽ ഈ ആർസിബിയുടെ അവസ്ഥ എന്താകുമായിരുന്നു. “അതിദയനീയം” എന്ന വാക്കുകൊണ്ട് മാത്രമേ വിശേഷിപ്പിക്കാൻ പറ്റൂ. ഇതുവരെ കിരീടം നേടിയില്ലാത്ത ഒരു ടീമിന്റെ താരമായി 16 സീസണുകളിലായി കളിക്കുന്ന താരം തന്റെ 8 ആം ഇന്ത്യൻ പ്രീമിയർ ലീഗ് സെഞ്ചുറിയും ലീഗ് ചരിത്രത്തിലെ ആദ്യമായി 7500 റൺ നേടുന്ന താരമായി നിൽക്കുമ്പോൾ ഇന്ന് രാജസ്ഥാനെതിരെ ആർസിബിയുടെ ഇന്നിംഗ്‌സിനെ ഉയർത്തിയത് അയാളുടെ തകർപ്പൻ ഇന്നിംഗ്സ് ഒന്ന് മാത്രം. 72 പന്തിൽ 113 റൺ നേടിയ കോഹ്‌ലി സീസണിലെ മിന്നുന്ന ഫോം ഇന്നും തുടർന്നപ്പോൾ ആർസിബി നേടിയത് 3 വിക്കറ്റിന് 183 റൺസ്.

ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ കോഹ്‌ലി തന്നെ ആയിരുന്നു 7000 റൺസും ആദ്യമായി പിന്നിട്ടത്. ആ റെക്കോഡ് നേട്ടത്തിലേക്ക് എത്താൻ പോലും മറ്റ് താരങ്ങൾക്ക് സാധിക്കാത്ത സമയത്ത് ഇപ്പോൾ ഇതാ വിരാട് കോഹ്‌ലി 7500 ഉം പിന്നിട്ടിരിക്കുന്നു. സീസണിൽ തുടരുന്ന മികച്ച ഫോം വിരാട് കോഹ്‌ലി തുടരുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് റൺ ഒഴുകുന്ന കാഴ്ച്ച ഇന്നും തുടർന്നു.

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിനായി കോഹ്‌ലിയും നായകൻ ഫാഫും ചേർന്ന് നൽകിയത് മികച്ച തുടക്കം തന്നെയാണ് . കോഹ്‌ലി ഇതിനിടയിൽ അർദ്ധ സെഞ്ച്വറി പിന്നിടും ചെയ്തു. ഫാഫ് ഒരറ്റത്ത് അദ്ദേഹത്തിന് പിന്തുണ നൽകിയെങ്കിലും ആ ബാറ്റ് അത്ര വേഗത്തിൽ അല്ല റൺ എടുത്തത്.

അതൊന്നും ശ്രദ്ധിക്കാതെ സിംഗിളുകളും ഡബിളുകളും ഒക്കെയായി കളം നിറഞ്ഞ കോഹ്‌ലി കിട്ടിയ അവസരത്തിൽ പന്ത് അതിർത്തിയും കടത്തി. തൻറെ ടീമിലെ ബാക്കി ഒരു ബാറ്റർ പോലും ആവശ്യമായ പിന്തുണ നൽകാത്ത സാഹചര്യത്തിൽ ആവശ്യമായ സമയത്ത് ഗിയറുകൾ മാറ്റി മാറ്റി കോഹ്‌ലി കളിച്ച ഈ ഇന്നിംഗ്സ് അത്ര മനോഹരവുമായിരുന്നു.

താരം കളിച്ച ചില ഷോട്ടുകളെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല.എന്തായാലും തന്നെ ലോകകപ്പ് ടീമിൽ വേണ്ട എന്ന് പറഞ്ഞാവരുടെ മുന്നിൽ ഓറഞ്ച് ക്യാപ്പുമായി കോഹ്‌ലി നിൽക്കുമ്പോൾ അയാൾ തന്റെ ക്ലാസ് തുടരുന്നു.