IPL 2024: ഞങ്ങള്‍ക്ക് ആശങ്കയില്ല, എന്നെങ്കിലും അദ്ദേഹം ഞങ്ങള്‍ക്കായി മത്സരങ്ങള്‍ ജയിക്കും: ഹര്‍ഷിത് റാണ

ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും (ആര്‍സിബി) തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഏറ്റവും ചെലവേറിയ ബൗളറായി മാറി. ഇടങ്കയ്യന്‍ സീമര്‍ തന്റെ മൂന്ന് ഓവറില്‍ 55 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ 21 റണ്‍സ് പ്രതിരോധിച്ച സ്റ്റാര്‍ക്കിനെ മൂന്ന് സിക്സറുകള്‍ പറത്തി കര്‍ണ്‍ ശര്‍മ തകര്‍ത്തെങ്കിലും, തകര്‍പ്പന്‍ ഒരു ക്യാച്ചിലൂടെ സ്റ്റാര്‍ക്ക് തന്നെ കരണിനെ മടക്കി.

ആര്‍സിബയ്ക്ക് അവസാന രണ്ട് പന്തില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്നെങ്കിലും ഒരു റണ്‍സ് മാത്രമേ അവര്‍ക്ക് നേടാനായുള്ളൂ. ആവേശകരമായ ഏറ്റുമുട്ടലിനുശേഷം, കെകെആര്‍ ബോളര്‍ ഹര്‍ഷിത് റാണ വരും മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സ്റ്റാര്‍ക്കിനെ പിന്തുണച്ചു. സ്റ്റാര്‍ക്കിന്റെ കഴിവുകളില്‍ ടീമിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഇത് അദ്ദേഹത്തിന്റെ സ്വന്തം പ്ലാനാണ്. ഓരോ ബൗളറും ഒരു പ്ലാനോടെയാണ് കളത്തിലിറങ്ങുന്നത്. അദ്ദേഹം ഒരു മികച്ച ബോളറാണ്. എന്നെങ്കിലും അദ്ദേഹം നമ്മെ കളികള്‍ ജയിപ്പിക്കും. ഞങ്ങള്‍ക്ക് അവനെക്കുറിച്ച് ആശങ്കയില്ല. ഞങ്ങള്‍ക്ക് അവനില്‍ പൂര്‍ണ വിശ്വാസമുണ്ട്- റാണ പറഞ്ഞു.

12ാം ഓവറില്‍ വില്‍ ജാക്സിന്റെയും രജത് പതിദാറിന്റെയും വിക്കറ്റുകള്‍ ആന്ദ്രെ റസ്സല്‍ തുടര്‍ച്ചയായി വീഴ്ത്തി. മത്സരത്തിന്റെ വഴിത്തിരിവായിരുന്നു അതെന്ന് റാണ പറഞ്ഞു. അവസാന അഞ്ച് ഓവറില്‍ തന്റെ ടീം നന്നായി പന്തെറിഞ്ഞതായി ഇന്ത്യന്‍ സീമര്‍ പറഞ്ഞു.

ആന്ദ്രെ റസ്സലിന്റെ ഓവര്‍ കളിയിലെ വഴിത്തിരിവായിരുന്നു, അവിടെ അദ്ദേഹം രണ്ട് വിക്കറ്റ് വീഴ്ത്തി. അവസാന അഞ്ച് ഓവറില്‍ ഞങ്ങളുടെ ബോളര്‍മാര്‍ അസാധാരണമായി പ്രകടനം നടത്തി, വേണ്ടത്ര റണ്‍സ് വഴങ്ങിയില്ല. ആ ഘട്ടത്തിലാണ് ഞങ്ങള്‍ നന്നായി കളിച്ചത്- റാണ കൂട്ടിച്ചേര്‍ത്തു.