IPL 2024: 'കാനഡയില്‍ കളിക്കാന്‍ ഇന്ത്യ വിടാന്‍ ആഗ്രഹിച്ചിരുന്നു'; വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം

ഫാസ്റ്റ് ബൗളിംഗ് കളിയില്‍ വലിയ പങ്ക് വഹിക്കാന്‍ തുടങ്ങിയ സമയത്താണ് ജസ്പ്രീത് ബുംറ ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തേക്ക് എത്തുന്നത്. സ്പിന്നിനെ അധികമായി ആശ്രയിച്ചിരുന്ന സമയത്ത് അന്നത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും ലോകത്തെ വെല്ലുവിളിക്കാന്‍ കഴിവുള്ള ഒരു ഫാസ്റ്റ് ബൗളിംഗ് യൂണിറ്റ് സൃഷ്ടിക്കാന്‍ തുടങ്ങി. ആ വിപ്ലവത്തിന്റെ മുഖമായിരുന്നു ജസ്പ്രീത് ബുംറ. ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും ബുംറയുടെ വ്യതിരിക്തമായ ആക്ഷന്‍ വായിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല.

റാങ്കുകളിലൂടെയുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ച പ്രചോദനാത്മകമായിരുന്നു. നിലവില്‍ പേസ് കരുത്തിന്റെ കാര്യത്തില്‍ ഇന്ത്യ മികച്ച മൂന്ന് ടീമുകളിലൊന്നാണ്. ഗുജറാത്തില്‍ നിന്നുള്ള ജസ്പ്രീത് ബുംറ ഒരിക്കല്‍ മികച്ച അവസരങ്ങള്‍ക്കായി കാനഡയിലേക്ക് മാറാന്‍ ആലോചിച്ചിരുന്നു. എന്നിരുന്നാലും, മുംബൈ ഇന്ത്യന്‍സ് ടീമില്‍ ചേര്‍ന്നത് അദ്ദേഹത്തിന്റെ കരിയര്‍ ചരിത്രപരമായ വഴിത്തിരിവായി. ഭാര്യ സഞ്ജനയുമായുള്ള ജിയോ സിനിമയിലെ പരിപാടിയിലാണ് കാനഡയിലേക്ക് കൂടിയേറുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്ന കാര്യം ബുംറ വെളിപ്പെടുത്തിയത്.

ഞങ്ങള്‍ ഇത് മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. മിക്ക ആണ്‍കുട്ടികളെയും പോലെ, ഞാന്‍ ഇന്ത്യയുടെ ഒരു സ്റ്റാര്‍ ക്രിക്കറ്റ് കളിക്കാരനാകാന്‍ സ്വപ്നം കണ്ടു. എന്നിട്ടും സാധ്യതകള്‍ വിരളമാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് ഒരു പ്രായോഗിക ബാക്കപ്പ് പ്ലാന്‍ ആവശ്യമാണ്.

ഓപ്ഷനുകള്‍ തിരയുന്നതിനിടയില്‍ ഞാന്‍ എന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടക്കത്തില്‍, ഞങ്ങള്‍ കുടുംബമായി കുടിയേറുന്നതിനെക്കുറിച്ചാണ് കരുതിയിരുന്നത. എന്നാല്‍ വിദേശത്തെ സാംസ്‌കാരിക വ്യത്യാസങ്ങളില്‍ അമ്മയ്ക്ക് മടിയായിരുന്നു. ഭാഗ്യവശാല്‍, ഇവിടെ കാര്യങ്ങള്‍ അനുകൂലമായി യോജിച്ചു, അല്ലെങ്കില്‍ കാനഡയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനും അവിടെ എന്തെങ്കിലും ചെയ്യാനും ഞാന്‍ ശ്രമിക്കുമായിരുന്നു.

ഇന്ത്യയെയും മുംബൈ ഇന്ത്യന്‍സിനെയും പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. സ്ഥിരോത്സാഹത്തോടെ പ്രയത്‌നിച്ചാല്‍ എന്ത് പ്രതിബന്ധങ്ങളുണ്ടായാലും ഒരാള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും- ബുംറ കൂട്ടിച്ചേര്‍ത്തു.