IPL 2024: 'ടി20 കളിക്കേണ്ട പോലെ ടി20 കളിക്കുന്ന ഐപിഎല്ലിലെ ഒരേയൊരു ഫ്രാഞ്ചൈസി'; തിരഞ്ഞെടുപ്പുമായി ഹര്‍ഭജന്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടി20 ഫോര്‍മാറ്റ് ഏറെ മാറി. ബാറ്റര്‍മാര്‍ അവരുടെ സമീപനത്തില്‍ കൂടുതല്‍ നിര്‍ഭയരായി മാറി. അതിനാല്‍ത്തന്നെ സ്‌കോറുകളില്‍ വലിയ കുതിച്ചുചാട്ടം കാണുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് വരുമ്പോള്‍, 17-ാം സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍നിന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് മൂന്ന് റെക്കോര്‍ഡ് സ്‌കോറുകള്‍ നേടിയെന്നതില്‍ ഈ മാറ്റം വ്യക്തമാണ്. ഇനി ഏഴു കളികള്‍ കൂടി ബാക്കി നില്‍ക്കെ 300 അല്ലെങ്കില്‍ 350 റണ്‍സ് മാര്‍ക്ക് കാണാന്‍ സാധ്യതയുണ്ട്.

ടി20 ഫോര്‍മാറ്റിന്റെ പരിണാമം കണ്ട ഹര്‍ഭജന്‍ സിംഗ്, എസ്ആര്‍എച്ച് എന്ന ക്രിക്കറ്റ് ബ്രാന്‍ഡിനെ പ്രശംസിച്ചു. 2007-ലെ ടി20 ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഭാജി. ഐപിഎല്‍ കരിയറില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ക്കായി താരം കളിച്ചിട്ടുണ്ട്.

ഈ ഐപിഎല്ലില്‍ അവര്‍ (എസ്ആര്‍എച്ച്) അപകടകാരികളാണെന്ന് തോന്നുന്നു. സാഹചര്യങ്ങള്‍ പരിഗണിക്കാതെ ഇന്നിംഗ്സിന്റെ ആദ്യ പന്ത് മുതല്‍ ബോളര്‍മാരുടെ പിന്നാലെ പോകാനാണ് അവരുടെ തീരുമാനം. ടി20 ഫോര്‍മാറ്റ് പോലെ ടി20 ഫോര്‍മാറ്റ് കളിക്കുന്ന ഐപിഎലിലെ ഒരേയൊരു ഫ്രാഞ്ചൈസിയാണ് അവര്‍.

ബാറ്റര്‍മാര്‍ ആക്രമണാത്മക മനോഭാവത്തോടെയാണ് കളിക്കുന്നത്, അതാണ് ടി20 ഗെയിമിനെ സമീപിക്കാനുള്ള ശരിയായ മാര്‍ഗം. അവരുടെ ബോളര്‍മാര്‍ റണ്‍സ് ചോര്‍ത്തിയാലും, ബോളര്‍മാരുടെ മോശം പ്രകടനം മറയ്ക്കാന്‍ അവര്‍ക്ക് വേണ്ടത്ര റണ്‍സ് ബോര്‍ഡിലുണ്ട്- ഹര്‍ഭജന്‍ പറഞ്ഞു.