IPL 2024: രോഹിത്തിനുശേഷം ടി 20 ടീമിനെ നയിക്കാൻ സഞ്ജു സാംസൺ മതി, അവൻ വേറെ ലെവൽ താരമാണ്; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഹർഭജൻ സിംഗ്; പറയുന്നത് ഇങ്ങനെ

നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ 2024 സീസണിലെ ഇന്നലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് (ആർആർ) ഒമ്പത് വിക്കറ്റിൻ്റെ തകർപ്പൻ ജയം സ്വന്തമാക്കി പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചിരിക്കുകയാണ്.

മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ മറികടന്നു. യശസ്വി ജയ്‌സ്വാൾ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ടീമിനെ വിജയിപ്പിച്ചത്. താരം 104 റൺസുമായി പുറത്താകാതെ നിന്നത്. സഞ്ജു സാംസണും ജോസ് ബട്ട്‌ലറും യഥാക്രമം 38*, 35 റൺസ് നേടി. ജയ്‌സ്വാൾ ഫോമിലേക്ക് മടങ്ങി വന്നതോട് കൂടി രാജസ്ഥാൻ ഇപ്പോൾ ഏതൊരു ടീമും പേടിക്കുന്ന ശക്തി ആയി മാറി കഴിഞ്ഞിരിക്കുകയാണ്.

മത്സരത്തിന് ശേഷം മുൻ സ്പിന്നർ ഹർഭജൻ സിംഗ് സഞ്ജു സാംസണെ പ്രശംസിച്ചു. വരാനിരിക്കുന്ന 2024 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ഭാഗമാകാൻ കീപ്പർ-ബാറ്റർ കാര്യങ്ങൾ എല്ലാം നന്നായി ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ടീമിൻ്റെ ഭാവി നായകനായി സാംസണെ വളർത്തിയെടുക്കണമെന്ന് ഹർഭജൻ നിർദ്ദേശിച്ചു.

ഹർഭജൻ എക്‌സിൽ എഴുതി:

“യശസ്വി ജയ്‌സ്വാളിൻ്റെ ഫോമിലേക്കുള്ള മടങ്ങിവരവ് ക്ലാസ് ശാശ്വതമാണ് എന്നതിൻ്റെ തെളിവാണ്. ഫോം താൽക്കാലികമാണ് , ക്‌ളാസ് നിലനിൽക്കുന്നു എന്നവൻ കാണിച്ച് തന്നിരിക്കുന്നു. സഞ്ജു സാംസൺ T20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുകയും അടുത്ത T20 ക്യാപ്റ്റനായി വളരുകയും വേണം. രോഹിത്തിന് ശേഷം ഇന്ത്യ മുന്നോട്ട് വെക്കുന്ന നായകൻ ആകണം സഞ്ജു.”ഹർഭജൻ പറഞ്ഞു.

ഐപിഎൽ 2024-ൽ സഞ്ജു സാംസൺ തൻ്റെ നായകത്വത്തിന് മികച്ച പ്രശംസ നേടിയിട്ടുണ്ട്. രാജസ്ഥാൻ അവരുടെ ആദ്യ എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പരാജയപ്പെട്ടത്. നിലവിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ക്യാപ്റ്റൻസിയിൽ മാത്രമല്ല ബാറ്റുകൊണ്ടും തിളങ്ങിയ താരം എട്ട് മത്സരങ്ങളിൽ നിന്ന് 152.42 സ്‌ട്രൈക്ക് റേറ്റിൽ 314 റൺസ് നേടിയ സാംസൺ ഈ സീസണിൽ രാജസ്ഥനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ്.