ഐപിഎല്‍ 2024: 'ഇവിടെ ആരും ഏകാധിപതികളല്ല'; ഹാര്‍ദ്ദിക്കിനെതിരായ വിമര്‍ശനങ്ങളില്‍ പൊള്ളാര്‍ഡ്

മാര്‍ച്ച് 25 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ തന്റെ ആദ്യ മത്സരം കളിച്ചു. എന്നാല്‍ താരത്തിന് തന്‍റെ ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഇതിനെ തുടര്‍ന്ന് താരത്തിന്റെ പല തീരുമാനങ്ങളും വിമര്‍ശിക്കപ്പെട്ടു. താരം ബാറ്റിംഗ് ഓര്‍ഡറില്‍ താഴേയ്ക്ക് ഇറങ്ങിയതും ബുംറയ്ക്ക് പകരം ബോളിംഗ് ഓപ്പണ്‍ ചെയ്തതും തെറ്റായ തീരുമാനങ്ങളായെന്നാണ് ആക്ഷേപം. ഇപ്പോഴിതാ ഇക്കാര്യങ്ങളില്‍ ഹാര്‍ദ്ദിക്കിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് ടീമിന്റെ ബാറ്റിംഗ് കോച്ച് കീറോണ്‍ പൊള്ളാര്‍ഡ്.

ഹാര്‍ദ്ദിക്കിനെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തു. മുംബൈ ടീമില്‍ ആരും ഏകാധിപതികളല്ല. ഒരാളും ഒറ്റയ്ക്ക് തീരുമാനമെടുത്ത് അത് നടപ്പാക്കാറുമില്ല. എല്ലാം ടീം അംഗങ്ങള്‍ കൂട്ടായി ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ടിം ഡേവിഡ് മുമ്പ് നന്നായി കളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഹാര്‍ദിക്കിന് മുന്‍പ് ബാറ്റിംഗിന് ഇറങ്ങിയത്.

ടീം എന്ന നിലയില്‍ വ്യക്തമായ പദ്ധതികളോടെയാണ് മുംബൈ മുന്നോട്ട് പോകുന്നത്. ആരൊക്കെ എവിടെയൊക്കെ കളിക്കണമെന്ന് നേരത്തേ നിശ്ചയിക്കുന്നതാണ്. ഇതിന് ഹാര്‍ദിക്കിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല- പൊള്ളാര്‍ഡ് പറഞ്ഞു.

ജസ്പ്രീത് ബുംമ്രക്ക് പകരം ഹാര്‍ദിക് ബോളിംഗ് ഓപ്പണ്‍ ചെയ്തതിനെ പൊള്ളാര്‍ഡ് ന്യായീകരിച്ചു. പുതിയ പന്ത് സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ള ബോളറാണ് ഹാര്‍ദിക്. കഴിഞ്ഞ രണ്ടുവര്‍ഷം ഗുജറാത്തിനായി ഹാര്‍ദിക് തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞു. ഇതേ ഹാര്‍ദിക് മുംബൈയ്ക്കായി ബോളിംഗ് ഓപ്പണ്‍ ചെയ്തതില്‍ പുതിയതായി ഒന്നുമില്ല- പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.