ഐപിഎൽ 2024: മുംബൈക്ക് ഇത് കലികാലം തന്നെ, സൂപ്പർ താരം ആദ്യ കുറച്ച് മത്സരങ്ങൾക്ക് ഇറങ്ങില്ല; എൻസിഎ റിപ്പോർട്ട് ഇങ്ങനെ

കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് ശേഷം, ഇന്ത്യയുടെ മുൻനിര ബാറ്റർ സൂര്യകുമാർ യാദവ് ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പതുകെ പതുക്കെ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. എന്നിരുന്നാലും, ഐപിഎൽ 2024 ലെ തൻ്റെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹം കളിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. താരം ആദ്യത്തെ 2 മത്സരങ്ങളിൽ കളിക്കില്ല എന്നതാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മനസിലാകുന്ന കാര്യം.

മുംബൈ അവരുടെ ആദ്യ മത്സരം മാർച്ച് 24 ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ കളിക്കും. ആ മത്സരത്തിന് മുമ്പ് താരം സെറ്റ് ആകാൻ സാധ്യതകൾ കുറവാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗുജറാത്ത് ടൈറ്റൻസിനെതിരെയും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയും (മാർച്ച് 27) നടക്കുന്ന രണ്ട് മത്സരങ്ങൾക്ക് എൻസിഎ അനുമതി നൽകുമോ എന്ന് വ്യക്തമല്ല, ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞത് ഇങ്ങനെ:

“എംഐയുടെ ഓപ്പണിംഗ് ഗെയിമിന് ഇനിയും സമയമുണ്ട്, പക്ഷേ ഇപ്പോൾ അവനെക്കുറിച്ച് ഒന്നും സ്ഥിരീകരിക്കാൻ കഴിയില്ല,” ഒരു ഉറവിടം പറഞ്ഞു.

60 കളികളിൽ നിന്ന് 171-ലധികം സ്‌ട്രൈക്ക് റേറ്റിൽ സൂര്യകുമാർ 2141 റൺസ് നേടിയിട്ടുണ്ട്. നാല് ടി20 സെഞ്ചുറികൾ നേടിയ അദ്ദേഹം ഐസിസി ടി20ഐ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്. വരാനിരിക്കുന്ന സീസണിൽ അദ്ദേഹം കളത്തിൽ ഇറങ്ങി ഇല്ലെങ്കിൽ മുംബൈക്ക് അത് വലിയ രീതിയിൽ ദോഷം ചെയ്യും എന്ന് ഉറപ്പാണ്.