IPL 2024: നിന്നെ മൂന്ന് ഫോർമാറ്റിലും എനിക്ക് ടീമിൽ കാണണം, അത്രമാത്രം കഴിവുണ്ട് നിങ്ങൾക്ക്; ഇന്ത്യൻ താരത്തെക്കുറിച്ച് അമ്പാട്ടി റായിഡു

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ റിയാൻ പരാഗ് മനോഹരമായ ഒരു റൺ ആണ് നടത്തുന്നത്. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം, ബാറ്റിംഗിൽ മികക്ജ് പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിക്കുന്നു. ഒരേ സമയം അഗ്രിസീവ് ആയിട്ടും ആങ്കർ റോളിലും കളിക്കാൻ താരത്തിന് സാധിക്കുന്നു. സാഹചര്യം ആവശ്യപ്പെടുമ്പോൾ മാത്രം ബിഗ് ഹിറ്റിലേക്ക് പോകുന്ന ശൈലി ആയതോടെ താരം ധാരാളം റൺസും നേടുന്നു. രാജസ്ഥാന്റെ ഈ സീസണിലെ പല വിജയങ്ങളിലും പരാഗ് നിർണായക പങ്ക് വഹിച്ചിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ അദ്ദേഹം 14 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 34 റൺസ് നേടി.
ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്‌ലറിനൊപ്പം 50-ലധികം റൺസ് കൂട്ടിച്ചേർത്തു. വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച സമയത്ത് ഹർഷിത് റാണയുടെ ബൗളിങ്ങിൽ അശ്രദ്ധമായ ഷോട്ടിനു പോയ പരാഗ് കളിയുടെ ഒഴുക്കിനെതിരെ പുറത്തായി.

ഹർഭജൻ സിംഗ് പരാഗിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്

“അഭിനന്ദനങ്ങൾ പരാഗ്. ടി20 ലോകകപ്പിൽ നിങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ നന്നായി കളിക്കുന്നു. നിങ്ങളുടെ മോശം ഫോമിന്റെ സമയത്ത് ഞാൻ നിങ്ങളെ ആക്രമിച്ചിട്ടുണ്ട്. നന്നായി കളിക്കുന്ന സമയത്ത് മോശം ഷോട്ടുകൾ കളിക്കുമ്പോൾ ദേഷ്യം തോന്നില്ലേ ആർക്കും” ഹർഭജൻ പറഞ്ഞു.

“ഞാനും ഇത് തന്നെയാണ് ഭാജി ചിന്തിച്ചത്, അടുത്ത മത്സരത്തിൽ അത് സംഭവിക്കില്ലെന്ന് ഉറപ്പാക്കും,” പരാഗ് മറുപടി പറഞ്ഞു. മറ്റൊരു മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡുവും ബാറ്റിനെ അഭിനന്ദിച്ചു. “നിങ്ങൾ നന്നായി കളിക്കുന്നു, നല്ല ജോലി തുടരുക. എല്ലാ ഫോർമാറ്റുകളിലും നിങ്ങൾ ഇന്ത്യക്കായി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കത് ചെയ്യാനുള്ള കഴിവുണ്ട്.” റായിഡു പറഞ്ഞു

“ഒരുപാട് നന്ദി സാർ. ഞാൻ കാര്യങ്ങൾ ലളിതമായി ചെയ്യുന്നു, കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നില്ല. നേരത്തെ, ഞാൻ ഒരുപാട് ചിന്തിച്ചിരുന്നു, എന്നാൽ ഇപ്പോൾ എൻ്റെ ഏകാഗ്രത ടീമിന് വേണ്ടി എങ്ങനെ റൺസ് സ്കോർ ചെയ്യാം എന്നതിലാണ്, ”അദ്ദേഹം മറുപടി പറഞ്ഞു.