IPL 2024: 'ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല'; ഇന്ത്യന്‍ ഇതിഹാസ താരത്തിന് നന്ദി പറഞ്ഞ് അഭിഷേക്

തന്റെ പ്രകടനങ്ങള്‍ക്കു പിറകില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗിനു നന്ദി പറഞ്ഞ് സണ്‍റൈസേഴ്‌സ് യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ. ലഖ്‌നൗവിന് എതിരായ വെടിക്കെട്ട് പ്രകടനത്തിനു ശേഷം സംസാരിക്കുക ആയിരുന്നു അഭിഷേക് ശര്‍മ്മ. അഭിഷേക് ശര്‍മക്ക് പരിശീലനം നല്‍കിയിരുന്നത് യുവരാജായിരുന്നു.

ഇത്തരമൊരു ടൂര്‍ണമെന്റില്‍ വന്ന് ഇത്രയും സ്ട്രൈക്ക് റേറ്റില്‍ കളിക്കുന്നതിനെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചുരുന്നില്ല, പക്ഷേ ടീം മാനേജ്മെന്റിന് നന്ദി. അവരില്‍ നിന്ന് സന്ദേശം വ്യക്തമായിരുന്നു.

ടൂര്‍ണമെന്റിന് മുമ്പ് ഞാന്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം ആണ് ഇപ്പോള്‍ കാണുന്നത് എന്ന് ഞാന്‍ കരുതുന്നു, യുവരാജ് സിംഗ്, ബ്രയാന്‍ ലാറ, കൂടാതെ എന്റെ ആദ്യ പരിശീലകനായ എന്റെ പിതാവിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- അഭിഷേക് പറഞ്ഞു.

ലഖ്‌നൗവിനെതിരെ 28 പന്തില്‍ 75 റണ്‍സ് ആണ് അഭിഷേക് അടിച്ചത്. 6 സിക്‌സും 8 ഫോറും അഭിഷേക് അടിച്ചിരുന്നു. 12 മത്സരത്തില്‍ 401 റണ്‍സാണ് അഭിഷേകിന്റെ സമ്പാദ്യം. 36.45 ശരാശരിയില്‍ കളിക്കുന്ന അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ് 205.64 ആണ്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയ താരം 30 ബൗണ്ടറികളും 35 സിക്സുകളുമാണ് ഈ സീസണില്‍ നേടിയത്.

Read more