ഐപിഎല്‍ 2024: ഡല്‍ഹി ക്യാപിറ്റല്‍സിനെ പന്ത് തന്നെ നയിക്കും, പക്ഷേ ഒരു പ്രശ്‌നമുണ്ട്

റിഷഭ് പന്ത് വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) മടങ്ങിയെത്തുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. താരം തന്നെ ടീമിനെ നയിക്കുമെന്നും എന്നാല്‍ ആദ്യ പകുതിയില്‍ അദ്ദേഹം ടീമിന്റെ വിക്കറ്റ് കീപ്പറായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പന്ത് ഐപിഎലില്‍ തിരിച്ചെത്തുമെന്ന് മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗും ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലിയും ശുഭാപ്തി വിശ്വാസത്തിലാണെന്നും ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറന്‍സ് കിട്ടേണ്ടതുണ്ടെന്നും ജിന്‍ഡാല്‍ പറഞ്ഞു. ആദ്യ ഏഴ് മത്സരങ്ങളില്‍ ബാറ്ററായി മാത്രമേ യുവതാരം കളിക്കുകയുള്ളൂവെന്നും അവന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ബാക്കി ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

റിഷഭ് ബാറ്റ് ചെയ്യുന്നു, അവന്‍ ഓടുന്നു, ഒപ്പം അവന്‍ തന്റെ വിക്കറ്റ് കീപ്പിംഗും ആരംഭിച്ചു. റിഷഭ് ഐപിഎല്‍ കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവന്‍ തന്നെ ടീമിനെ നയിക്കും. ആദ്യത്തെ ഏഴ് മത്സരങ്ങളില്‍ ഞങ്ങള്‍ അവനെ ബാറ്ററായി മാത്രമേ കളിപ്പിക്കൂ. ഒരു ബാറ്റര്‍ എന്ന നിലയില്‍ അവന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ച്, ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കും- ജിന്‍ഡാല്‍ പറഞ്ഞു.

ഐപിഎല്‍ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ആര്‍സിബിയും തമ്മില്‍ ഏറ്റുമുട്ടും. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. 28 നാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍