ഐപിഎല്‍ 2024: സിഎസ്‌കെയും ജിടിയും അവനു വേണ്ടി യുദ്ധം ചെയ്യും, പ്രവചിച്ച് അശ്വിന്‍

വരുന്ന ഐപിഎല്‍ മിനി ലേലത്തില്‍ ഫിനിഷറുടെ റോളില്‍ കസറാന്‍ ശേഷിയുള്ള ഷാരൂഖിനു വേണ്ടി വലിയ പിടിവലി നടക്കുമെന്ന് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. പഞ്ചാബ് കിങ്സിന്റെ താരമായ ഷാരൂഖിനെ ലേലത്തിനു മുമ്പ് അവര്‍ ഒഴിവാക്കിയിരുന്നു. യുവതാരത്തിനായി പല വമ്പന്‍ ടീമുകളും രംഗത്തിറങ്ങുമെന്നാണ് അശ്വിന്റെ പ്രവചനം.

ഷാരൂഖ് ഖാനു വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്സിനും ഗുജറാത്ത് ടൈറ്റന്‍സിനുമിടയില്‍ തീര്‍ച്ചയായും യുദ്ധം തന്നെ നടക്കുമെന്നാണ് എനിക്കു കാണാന്‍ സാധിക്കുന്നത്. കാരണം ഗുജറാത്ത് ടൈറ്റന്‍സിനു ഒരു മധ്യനിര ബാറ്റര്‍/ ഫിനിഷറെ ആവശ്യമാണ്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ അവര്‍ക്കു നഷ്ടമായിക്കഴിഞ്ഞു. അടുത്ത സീസണില്‍ ഒരു പവര്‍പ്ലെയറെ ഗുജറാത്തിനു ആവശ്യമാണ്.

ഒമ്പതു കോടി രൂപയ്ക്കു ഷാരൂഖ് ഖാന്‍ പഞ്ചാബ് കിംഗ്സിനൊപ്പമായിരുന്നു. അവിടെ അവന്‍ സ്വന്തം കഴിവ് നന്നായി തന്നെ പ്രദര്‍ശിപ്പിച്ചുവെന്നു ഞാന്‍ കരുതുന്നു. എന്നിട്ടും ഷാരൂഖിനെ ഒഴിവാക്കിയത് ശരിയായോ? അവനു നടക്കാനിരിക്കുന്ന ലേലത്തില്‍ 12-13 കോടി രൂപയെങ്കിലും വീണ്ടും ലഭിക്കുമെന്നു ഞാന്‍ കരുതുന്നു- അശ്വിന്‍ പറഞ്ഞു.

2022ലെ മെഗാ ലേലത്തില്‍ ഒമ്പതു കോടി രൂപ മുടക്കിയായിരുന്നു ഷാരൂഖിനെ പഞ്ചാബ് സ്വന്തം കൂടാരത്തിലേക്കു തിരികെ എത്തിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബിനു വേണ്ടി 14 മല്‍സരങ്ങളില്‍ കളിച്ച ഷാരൂഖ് 165.996 സ്ട്രൈക്ക് റേറ്റില്‍ 156 റണ്‍സുമാത്രമാണ് നേടിയത്.