ഐപിഎല്‍ 2024: ആരാധകര്‍ക്ക് വമ്പന്‍ നിരാശ വാര്‍ത്ത, പ്രഖ്യാപനം ഉടന്‍

ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ 17ാം സീസണിന്റെ രണ്ടാം പകുതി രാജ്യത്തിന് പുറത്ത് നടത്താന്‍ ആലോചന. റിപ്പോര്‍ട്ട് അനുസരിച്ച്, മാര്‍ച്ച് 16 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് ശേഷം ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 16 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കും. അതിനുശേഷം, ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റണോ എന്ന് ബിസിസിഐ തീരുമാനിക്കും. യുഎഇയില്‍ ഗെയിമുകള്‍ കളിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ദുബായിലുണ്ട്- ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യയില്‍ 17-ാം സീസണ്‍ ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐ ആഗ്രഹിച്ചത്. എന്നിരുന്നാലും, പൊതുതിരഞ്ഞെടുപ്പുകള്‍ മൂലമുള്ള സുരക്ഷാ പ്രശ്‌നങ്ങളും നിയന്ത്രണങ്ങളും ഷെഡ്യൂളിംഗിനെ ബാധിക്കും. അതിനാല്‍ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് പോകാന്‍ ബിസിസിഐ നിര്‍ബന്ധിതരാകും.

അതേസമയം, ഐപിഎല്‍ 2024 ന്റെ ആദ്യ പാദം മാര്‍ച്ച് 22 ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.